അമിത വേഗത്തിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോവളം സ്വദേശിനിയായ സരിതയാണ് മരിച്ചത്. ബാലരാമപുരത്തിന് സമീപം തേമ്പാമുട്ടത്ത് ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം സംഭവിച്ചത്. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ സരിത മരിക്കുകയായിരുന്നു.
കാട്ടാക്കട ഭാഗത്തു നിന്ന് കോവളത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ബാലരാമപുരത്ത് നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. സരിതയും ബന്ധുക്കളും കാട്ടാക്കടയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞിരുന്നു. അപകടത്തില്‍ സരിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു.