ഐഐടി ഡയറക്ടര്‍ വി. കാമകോടി നടത്തിയ ‘ഗോമൂത്ര പ്രസ്താവന’ ആഗോളതലത്തില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിനും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയ്ക്കും എത്രമാത്രം തിരിച്ചടിയാകുമെന്ന് ചിന്തിക്കണമെന്ന് എ.എ. റഹീം എംപി. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ പറയുന്ന വാക്കുകള്‍ക്ക് വലിയ ചലനങ്ങളാവും പലപ്പോഴും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുക. അതും അക്കാഡമിക് രംഗത്ത് ഏവരും ആദരവോടെ നോക്കുന്ന പദവിയില്‍ ഇരിക്കുന്നവരാകുമ്പോള്‍ ആ വാക്കുകള്‍ക്ക് കൂടുതല്‍ മൂല്യം കല്‍പ്പിക്കപ്പെടും. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ അടുത്തകാലത്തായി ചില അക്കാഡമിക് സ്ഥാപനങ്ങളുടെ തലവന്മാര്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ രാജ്യത്തെ ആകെ നാണം കെടുത്തുന്നവയാണെന്ന് എ.എ. റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം,
ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ പറയുന്ന വാക്കുകള്‍ക്ക് വലിയ ചലനങ്ങളാവും പലപ്പോഴും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുക.അതും അക്കാഡമിക് രംഗത്ത് ഏവരും ആദരവോടെ നോക്കുന്ന പദവിയില്‍ ഇരിക്കുന്നവരാകുമ്പോള്‍ ആ വാക്കുകള്‍ക്ക് കൂടുതല്‍ മൂല്യം കല്‍പ്പിക്കപ്പെടും.പക്ഷേ നിര്‍ഭാഗ്യവശാല്‍ ഈ അടുത്തകാലത്തായി ചില അക്കാഡമിക് സ്ഥാപനങ്ങളുടെ തലവന്മാര്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ രാജ്യത്തെ ആകെ നാണം കെടുത്തുന്നവയാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മദ്രാസ് ഐ ഐ ടി ഡയറക്ടര്‍ ശ്രീ .വി കാമകോടി നടത്തിയ ‘ഗോമൂത്ര പ്രസ്താവന’. സദസ്സിനെ സന്തോഷിപ്പിക്കാനായിരിക്കും ഒരു പക്ഷേ അദ്ദേഹം അത്തരമൊരു പ്രസ്താവന നടത്തിയത്.സദസ്സില്‍ നിന്നും കയ്യടി ലഭിച്ചിട്ടുമുണ്ടാകും. എന്നാല്‍ ആഗോളതലത്തില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിനും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയ്ക്കും ആ പ്രസ്താവന എത്രമാത്രം തിരിച്ചടിയാകുമെന്ന് അദ്ദേഹം തിരിച്ചറിയണമായിരുന്നു.അതിനു പുറമെയാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അദ്ദേഹത്തിന്റെ വാക്കുകളെ വ്യാഖ്യാനിച്ചുകൊണ്ട് ശരിയായ ചികിത്സ നല്‍കാതെ ഗോമൂത്രം കുടിക്കാന്‍ വിധിക്കപ്പെടുന്ന അനേകായിരം പേര്‍….!
ശാസ്ത്രം മാനവ പുരോഗതിക്ക് നല്‍കിയ സംഭാവനകളെ ഇത്തരം പ്രസ്താവനകളിലൂടെ അവഹേളിക്കുക കൂടിയാണ് മദ്രാസ് ഐഐടി ഡയറക്ടര്‍ ചെയ്തിരിക്കുന്നത്.ഇന്ത്യയുടെ തനത് മൈക്രോ പ്രോസസര്‍ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ ഏറെ ബഹുമാനത്തോടെ സ്മരിക്കുമ്പോഴും ,അദ്ദേഹം ഇത്തരമൊരു നിരുത്തരവാദപരമായ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു.ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തിനു മുന്നില്‍ നിരുപാധികം തിരുത്താന്‍ അദ്ദേഹം തയ്യാറാവണം.