Kerala

അമ്മയെ കൊലപ്പെടുത്തി മകന്റെ ആത്മഹത്യ? കണ്ണൂരിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. 62 കാരിയായ അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് സംശയം. രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി വീടിന് പുറത്ത് ആരേയും കണ്ടിരുന്നില്ല. സംശയം തോന്നിയ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സുമേഷ് തൂങ്ങിയ നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമേഷിന് കെഎസ്ഇബിയിൽ ആണ് ജോലി. മകൻ സ്ഥിരം മദ്യപിച്ചു വരുന്നയാളെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.