മുഴുവന്‍ ഭക്തര്‍ക്കും സുഖകരമായ ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന ചരിത്രത്തിലെ ഏറ്റവും മികവുറ്റ ഏടാണ് ഈ വര്‍ഷം കഴിഞ്ഞതെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിന് റവന്യൂ ദേവസ്വം വകുപ്പ് മസ്‌ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളുടെ നിതാന്ത ശ്രദ്ധയും ജാഗ്രതയും സുഖകരമായ ദര്‍ശനം ഭക്തര്‍ക്കൊരുക്കാന്‍ സഹായിച്ചു. വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം ഇതിന് സഹായകമായി. ജൂണ്‍ മാസത്തില്‍ തന്നെ അവലോകന യോഗങ്ങള്‍ ആരംഭിക്കുകയും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോവുകയും ചെയ്തു. വിദഗ്ധരായ ഉദ്യോഗസ്ഥരെയും അനുഭവ സമ്പത്തുള്ള വ്യക്തികളെയും ഉള്‍പ്പെടുത്തിയാണ് യോഗങ്ങള്‍ കൂടിയത്. എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും സമര്‍പ്പണ മനോഭാവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെ ഫലമാണ് ഈ നേട്ടം.
മുഖ്യമന്ത്രിയുടെ മേല്‍നോട്ടം തീര്‍ത്ഥാടന കാലത്തിന് കൂടുതല്‍ ഏകോപനം നല്‍കി. 800ല്‍ പരം വാഹങ്ങളാണ് ഗതാഗത വകുപ്പ് മകര ദിവസ വിളക്ക് ദിവസം ക്രമീകരിച്ചത്. ശുചിത്വമിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും മാലിന്യ നിര്‍മാര്‍ജനത്തിന്‍ സ്തുത്യര്‍ഹമായ സേവനം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ പതിനെട്ടാം പടി കടന്ന് ഒരു മിനിട്ടില്‍ 65 തീര്‍ഥാടകരാണ് എത്തിയതെങ്കില്‍ 85 മുതല്‍ 90 പേര്‍ വരെ കയറി എന്നത് പോലീസിന്റെ മികവാണ്. കാനന പാതയിലൂടെ ഭക്തര്‍ക്ക് സുഗമമായ യാത്ര ഒരുക്കാന്‍ വനം വകുപ്പ് ശ്രദ്ധിച്ചു. ഓരോ മണിക്കൂറിലും വിശുദ്ധി സേന ശുചിത്വം ഉറപ്പാക്കി.
തീര്‍ഥാടന കാലത്ത് ആറ് ലക്ഷത്തിലധികം ഭക്തര്‍ അധികമായെത്തിയിട്ടും പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തര്‍ ദര്‍ശനം നടത്തിയിട്ടും പ്രതിസന്ധികളില്ലാതെ മണ്ഡല മകരവിളക്ക് കാലം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ശബരിമലയില്‍ റോപ് വേ നിര്‍മാണം പൂര്‍ത്തിയാക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ മൂന്ന് ഘട്ടങ്ങളിലായി സര്‍ക്കാര്‍ നടപ്പിലാക്കും. അതോടെ ശബരിമലയുടെ വികസനത്തിന് വേഗം കൂടുമെന്നും തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയ തീര്‍ഥാടന കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സമയ ബന്ധിതമായ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ 122 പേരെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ചു. വരുന്ന മണ്ഡല കാലത്തിന് മുന്‍പ് നിലക്കലില്‍ പുതിയ ആശുപത്രി നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലകാലത്ത് സ്തുത്യര്‍ഹമായ സേവനം നടത്തിയ വകുപ്പുകള്‍ക്കുള്ള ഉപഹാരങ്ങള്‍ വകുപ്പ് മേധാവികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
എം എല്‍ എമാരായ പ്രമോദ് നാരായണ്‍, വാഴൂര്‍ സോമന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍, ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവസ്വം വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ സ്വാഗതമാശംസിച്ചു.
CONTENT HIGH LIGHTS; Pilgrimage season to provide pleasant darshan for all Ayyappa devotees: V.N. Vasavan