കൊല്‍ക്കത്ത ബസന്തിയില്‍ കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജനുവരി ഒന്‍പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. വീടിനടുത്തുള്ള ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. രണ്ടുദിവസം പെണ്‍കുട്ടിയെ തെരഞ്ഞെങ്കിലും വീട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കുട്ടിയുടെ വീടിനുസമീപമുള്ള പാടത്ത് ഒരാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മണ്ണിട്ട് മൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവസ്ത്രമായ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായോ എന്ന സംശയമാണ് പൊലീസിനുള്ളത്. കുട്ടി ലൈംഗികാതിക്രമത്തിനിരയായി കുഴിച്ചുമൂടപ്പെട്ടു എന്ന സംശയം ശക്തമാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് സൂപ്രണ്ടന്റ് പലാഷ് ചന്ദ്ര ധാലി വ്യക്തമാക്കി. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.