Travel

‘കേരളത്തിൻറെ നയാഗ്ര’; ഇനിയും കണ്ടില്ലേ അതിരപ്പിള്ളി വെള്ളച്ചാട്ടം ? | Athirappilly Water Falls

80 അടി ഉയരത്തില്‍ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദര്‍ശകരെ ശരിക്കും അദ്ഭുതപ്പെടുത്തും

എത്ര കണ്ടാലും മതിവരാത്ത മായക്കാഴ്ചകളാണ് അതിരപ്പിള്ളിയിൽ നമ്മെ കാത്തിരിക്കുന്നത്. കേരളത്തിൻറെ നയാഗ്ര എന്നാണ് അതിരപ്പിള്ളി അറിയപ്പെടുന്നത്. വേനലിലും സൗമ്യമായി അതിരപ്പിള്ളി ഒഴുകിക്കൊണ്ടിരിക്കും. നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി കാണാൻ സഞ്ചാരികളുടെ കുത്തൊഴുക്കാണ്.

വെള്ളച്ചാട്ടം ചാറ്റൽ മഴ നനയണോ? എങ്കിൽ നേരെ വിട്ടോളൂ അതിരപ്പിള്ളിയിലേക്ക്. പാറക്കെട്ടിൽ തട്ടി ചിന്നി ചിതറുന്ന ആ ചാറ്റലിന്റെ അനുഭൂതി നിങ്ങൾക്ക് അവിടെ നേരിട്ട് അനുഭവിച്ചറിയാം. നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌.

തൃശൂര്‍ നഗരത്തില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിലെ വലുതും കേരളത്തിന്റെ ടൂറിസം ആകര്‍ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. 80 അടി ഉയരത്തില്‍ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദര്‍ശകരെ ശരിക്കും അദ്ഭുതപ്പെടുത്തും. പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്നു കാണാനാവുമെന്നതും പ്രത്യേകതയാണ്.

മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷന്‍ കൂടിയാണ് ആതിരപ്പിള്ളി. സംവിധയകന്‍ മണിരത്‌നത്തിന്റെ ‘രാവണ്‍’ എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങള്‍ അതിരപ്പിള്ളിയില്‍ ചിത്രീകരിച്ച് ഗ്രാഫിക്‌സിന്റെ സഹായത്തോടെ വിപുലീകരിച്ചവയാണ്.

ചാലക്കുടിയില്‍ നിന്ന് 33 കിലോമീറ്റര്‍ ആനമല റോഡിലൂടെ സഞ്ചരിച്ചാല്‍ അതിരപ്പിള്ളിയിലെത്താം. പശ്ചിമഘട്ട മലനിരയിലെ ഷോളയാര്‍ റേഞ്ചിലെ ഏറ്റവും മനോഹരപ്രദേശമായ ഇവിടേക്കുള്ള യാത്ര പോലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും.

ഇവിടെ നിന്ന് 5 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടവും പ്രകൃതി ഒരുക്കിയ മറ്റൊരു അതുല്യകാഴ്ചയാണ്. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ വനം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

content highlight: Athirappilly Water Falls