ചെറുപ്പക്കാർക്കും, പ്രായമായവർക്കുമെല്ലാം ഇന്ന് നടുവേദന ഉണ്ട്. കുനിയാനോ ഭാരം എടുക്കാനോ ഒട്ടും സാധിക്കാതെ വരുന്ന അവസ്ഥ. കഠിനാധ്വാനം ചെയ്യുന്നവർക്കും കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കുമൊക്കെ നടുവേദന ഇന്ന് സാധാരണമാണ്. പലരും ഈ വേദനയെ ആദ്യം കാര്യമായി എടുക്കാറില്ല. തക്ക സമയത്ത് കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കുന്നു. പേശി-അസ്ഥി സംബന്ധമായ അവസ്ഥകളിലൊന്നാണ് നടുവിന്റെ കീഴ്ഭാഗത്തെ വേദന അഥവാ ലോ ബാക്ക് പെയിൻ (LBP). ലോകമെമ്പാടും പ്രായഭേദമെന്യേ വ്യാപകമായി എല്ലാവരിലും ഇത് കാണപ്പെടാറുമുണ്ട്
എന്താണ് ലോ ബാക്ക് പെയിൻ?
സാധാരണയായി, താഴത്തെ വാരിയെല്ലിന്റെ അരികുകൾക്കും ഗ്ലൂറ്റിയൽ മടക്കുകൾക്കും ഇടയിലുള്ള ഭാഗത്ത് മടുപ്പുളവാക്കുന്നതോ, അസഹ്യമായതോ, കടച്ചിലുള്ളതോ ആയ അസ്വാസ്ഥ്യമോ വേദനയോ കല്ലിപ്പോ ആയാണ് ലോ ബാക്ക് പെയിൻ അനുഭവപ്പെടാറുള്ളത്. ഈ രോഗലക്ഷണങ്ങളുടെ തീവ്രതയും ദൈർഘ്യവും വ്യത്യസ്തമായിരിക്കും.
സാധാരണ ഗതിയിൽ ആറ്ആഴ്ചകൾക്കുള്ളിൽ ഇത് മാറേണ്ടതാണ്. ആറ് അല്ലെങ്കിൽ പന്ത്രണ്ടു ആഴ്ചകൾക്കുമപ്പുറം നീണ്ടു നിൽക്കുകയാണെങ്കിൽ ഡോക്ടറെ തീർച്ചയായും കാണേണ്ടതാണ്. ചില അവസരങ്ങളിൽ, ഈ വേദന നിതംബത്തിലേക്കോ തുടകളിലേക്കോ കാലുകളിലേക്കോ പ്രസരിച്ചേക്കാം. പ്രധാനമായും സുഷുമ്നാ നാഡികളുടെ ഞെരുങ്ങൽ മൂലമുണ്ടാകുന്ന ഈ അവസ്ഥയെ ‘സയാറ്റിക്ക’ എന്നാണ് വിളിക്കുന്നത്. മരവിപ്പ്, തരിപ്പ്, ബലഹീനത തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
എന്താണ് രോഗകാരണങ്ങൾ?
അമിതഭാരം എടുക്കുകയോ, പെട്ടന്ന് കുനിയുകയോ, തിരിയുകയോ ചെയ്യുമ്പോളുണ്ടാകുന്ന പേശി വലിവുകൾ, ഉളുക്ക്, ഡിസ്ക് തള്ളിച്ച, ഫെസെറ്റ് ജോയിന്റിന്റെ പ്രവർത്തനശേഷി നഷ്ടമാവൽ തുടങ്ങി നിരവധി കാരണങ്ങൾ ലോ ബാക് പെയിനിനു കാരണമാവാം. പ്രായമേറുമ്പോൾ നട്ടെല്ലിനുണ്ടാകുന്ന തേയ്മാനം മൂലമുളവാകുന്ന സന്ധിവാതം, സുഷുമ്നാ നാഡിയുടെ ചുരുങ്ങൽ, ഡിസ്ക് ഷെയിച്ചു പോവുന്ന അവസ്ഥ, നട്ടെല്ലിലെ കശേരുക്കൾ സ്ഥാനം തെറ്റൽ തുടങ്ങിയവയും കാരണമാവാറുണ്ട്.
സുഷുമ്ന സന്ധികളിലോ അതിനു ചുറ്റുമുള്ള കോശങ്ങളിലോ നീരുവീക്കം കൊണ്ട് ഉണ്ടാകുന്ന ആമവാതം പോലുള്ള സന്ധിവാതങ്ങൾ; അപകടങ്ങൾ,ഒടിവുകൾ,നാഡിയുടെ പരിക്കുകൾ സമ്മർദ്ദം, ഉത്കണ്ഠ, എന്നിവ നടുവേദന ഉളവാക്കാം.
content highlight: back pain reasons