India

ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയില്‍ കൂട്ടരാജി: സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പാര്‍ട്ടി വിട്ടു – Mass resignation in Shiv Sena

തിരുവനന്തപുരം:കേരളത്തിൽ ശിവസേനക്ക് സംഘടനാ രൂപം നൽകിയ എം എസ് ഭുവനചന്ദ്രൻ രാജിവെച്ചതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ശിവസേനയില്‍ കൂട്ടരാജി.പാര്‍ട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ശിവസേന വിട്ടത്. എറണാകുളം വൈ.എം.എം.സി.എ ഹാളില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഭാരവാഹികളുടെ രാജി പ്രഖ്യാപനം നടന്നത്. നേരത്തെ രാജിവെച്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന എം.എസ് ഭുവന ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ബാല്‍താക്കറെ ശിവസേന രൂപീകരിച്ചതെന്ന് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞു.എന്നാല്‍ ഉദ്ധവ താക്കറെ ഇതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി സനാതന മൂല്യങ്ങളെപ്പോലും തള്ളിപ്പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടുമൊക്കെ കൂട്ടുചേരുകയിരുന്നു. ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ശിവസേനയില്‍ നിന്നും രാജിവെച്ചതെന്ന് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന വക്താവായിരുന്ന പള്ളിക്കല്‍ സുനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.ആര്‍ ദേവന്‍,ശിവസേന നേതാക്കളായിരുന്ന അഡ്വ.രാജീവ് രാജധാനി, രാമകൃഷ്ണന്‍ ഉണ്ണിത്താന്‍, പുത്തൂര്‍ വിനോദ്, പപ്പന്‍ കോഴിക്കോട്, ബിജു വാരപ്പുറത്ത്, അനില്‍ ദാമോദരന്‍, താമരക്കുള രവി, ടി. എസ് ബൈജു, കോട്ടുകാല്‍ ഷൈജു, പ്രസന്നന്‍ താന്നിമൂട് തുടങ്ങിയവര്‍ സംസാരിച്ചു.

പാര്‍ട്ടി സംസ്ഥാന വക്താവ് പള്ളിക്കല്‍ സുനില്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.ആര്‍ ദേവന്‍,സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ കോട്ടുകാല്‍ ഷൈജു, മീഡിയ സെല്‍ ചെയര്‍മാന്‍ പ്രസന്നന്‍ താന്നിമൂട്, വിജേന്ദ്രകുമാര്‍ (തിരുവനന്തപുരം), ശാന്താലയം ശശികുമാര്‍ (കൊല്ലം), താമരക്കുളം രവി (പത്തനംതിട്ട), രാമകൃഷ്ണന്‍ ഉണ്ണിത്താന്‍ (ആലപ്പുഴ), സുകുമാരന്‍(കോട്ടയം), ബിനീഷ് (ഇടുക്കി), ജി സന്തോഷ്‌കുമാര്‍ (എറണാകുളം), സതീഷ് വാരിക്കാട് (തൃശൂര്‍), അനൂപ് ഒറ്റപ്പാലം(പാലക്കാട്), സുരേഷ് (മലപ്പുറം), പത്മകുമാര്‍(കോഴിക്കോട്), സജിത് (വയനാട്), ജയരാജ് (കണ്ണൂര്‍), രാജേഷ് യാദവ് ( കാസര്‍കോഡ്) എന്നീ ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും മണ്ഡലം ഭാരവാഹികളുമടക്കമുള്ളവരാണ് രാജി വെച്ചതെന്ന് ടി ആര്‍ ദേവന്‍ പറഞ്ഞു.ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്ന് അറിയിച്ചു.

STORY HIGHLIGHT: Mass resignation in Shiv Sena