Kerala

യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച സംഭവം ; കൊലപാതകത്തിന് പിന്നിൽ ഇൻസ്റ്റഗ്രാം സുഹൃത്തെന്ന് സൂചന – instagram friend suspected in athiras murder

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് ആതിര മരിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം വഴി യുവതി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് രണ്ടു ദിവസം മുൻപും ഇവിടെ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചത്.

ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര.

അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു മൃതദേഹം. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിൽ പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന്റെ അനുമാനം.

STORY HIGHLIGHT: instagram friend suspected in athiras murder