India

ബാങ്ക് കവർച്ചാ കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം പ്രതിയെ വെടിവച്ച് വീഴ്‌ത്തി പോലീസ് – mangaluru cooperative bank robbery case

തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മംഗളൂരു പൊലീസ് വെടിവച്ചു വീഴ്ത്തി. മംഗളൂരു ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ച കേസിലെ പ്രതിക്കാണ് വെടിയേറ്റത്. തെളിവെടുപ്പിനിടെ മുംബൈ സ്വദേശി കണ്ണൻ മണി പോലീസിനെ ബീയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പോലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിനു പരുക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരുക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാവാണ് വെടിയേറ്റ കണ്ണൻ മണി.

തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ടു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പിടികൂടിയപ്പോൾ പ്രതികളുടെ കയ്യിൽനിന്ന് ഒരു വാളും രണ്ടു തോക്കുകളും മോഷ്ടിച്ച സ്വർണത്തിന്‍റെയും പണത്തിന്‍റെയും ഒരു പങ്കും കണ്ടെടുത്തിരുന്നു. ജനുവരി 17ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കിൽ പട്ടാപ്പകൽ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വർണവും 5 ലക്ഷം രൂപയുമാണ് കണ്ണൻ മണിയും സംഘവും കൊള്ളയടിച്ചത്.

STORY HIGHLIGHT: mangaluru cooperative bank robbery case