Kerala

വയനാട് ഡിസിസി ഓഫിസിൽ പോലീസ് പരിശോധന; ആവശ്യമെങ്കിൽ കെ. സുധാകരനെയും ചോദ്യം ചെയ്യും – kerala police raid wayanad dcc office

എൻ.എം.വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വയനാട് ഡിസിസി ഓഫിസിൽ പോലീസ് പരിശോധന. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥനെയും ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് പോലീസ് ഡിസിസി ഓഫിസിൽ എത്തിയത്. എൻ.ഡി. അപ്പച്ചനെയും ഡിസിസി ഓഫിസിലേക്ക് ഒപ്പം കൂട്ടിയിരുന്നു.

ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ എത്തി 20 മിനിറ്റോളം നേരം ഡിസിസി ഓഫിസിൽ പരിശോധന നടത്തി. ഡിസിസി ഓഫിസിലെ മിനിട്സ് ബുക്ക് ഉൾപ്പെടെ പരിശോധിച്ചെന്നാണ് വിവരം. മുൻ ബാങ്ക് ചെയർമാൻ ഡോ. സണ്ണി ജോർജിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.

ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനേയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. 23, 24, 25 തിയതികളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ അന്വേഷണസംഘം ചോദ്യം ചെയ്യും.

STORY HIGHLIGHT: kerala police raid wayanad dcc office