Kerala

കൊവിഡ് കാലത്ത് പിപിഇ കിറ്റ് ക്ഷാമം കാരണം ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നു; ശൈലജ – kk shailaja response on cag report

കൊവിഡ് കാലത്ത് പിപിഇ കിറ്റിന്റെ ക്ഷാമം കാരണമാണ് ഉയർന്ന തുക നൽകി വാങ്ങേണ്ടി വന്നതെന്ന് ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി റിപ്പോർട്ട് പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശൈലജ. സിഎജിക്ക് മറുപടി നൽകേണ്ടത് സർക്കാരാണ്. എല്ലാം നേരത്തെ വിശദീകരിച്ച കാര്യമാണെന്നും ഒരു ദുരന്തമുഖത്ത് നിൽക്കുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ലേ എന്നും ശൈലജ ചോദിച്ചു.

പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കുറച്ച് കിറ്റുകൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. ഓർഡർ ചെയ്ത മുഴുവനും ആ സമയത്ത് ലഭിച്ചിരുന്നില്ല. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നിൽ പരാതി കിട്ടിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി.

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് സിഎജിയുടെ കണ്ടെത്തൽ. പൊതു വിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായി എന്നാണ് സിഎജി കണ്ടെത്തൽ. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

STORY HIGHLIGHT: kk shailaja response on cag report