കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു ഇന്ന് കോടതിയിൽ രഹസ്യ മൊഴി നൽകിയേക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്നലെ മൊഴി നൽകിയിരുന്നില്ല. ഇന്ന് രാവിലെ ഡോക്ടറെ കണ്ട ശേഷം കോടതിയിലെത്തി മൊഴി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും. കലയുടെ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് സിപിഎം നേതാക്കൾക്കെതിരെ ചുമത്തിയിരുന്നത്. രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ട്. അതേസമയം സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ മോഹനൻ മാധ്യമങ്ങളെ കാണും. കലാ രാജുവിനെതിരെ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു.
കലാ രാജുവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ സിപിഎം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരടക്കം മുഖ്യ പ്രതികളായ കേസിൽ താഴെത്തട്ടിലെ നാല് പേർ മാത്രമാണ് പൊലീസിൻ്റെ പിടിയിലായത്. സിപിഎം ഏരിയ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സുമ വിശ്വംഭരൻ, സിപിഎം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവരടക്കം കണ്ടാലറിയാവുന്ന 45 പേരാണ് കേസിലെ പ്രതികൾ. മുഖ്യ പ്രതികൾ കൺമുന്നിലുണ്ടായിട്ടും കണ്ടില്ലെന്ന മട്ടിലാണ് പൊലീസ്. സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ, പാർട്ടി പ്രവർത്തകരായ ടോണി, റിൻസ്, സജിത്ത് എന്നിവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.