Kerala

സംസ്ഥാനത്ത് മൂന്നാഴ്ചയായി തുടരുന്ന റേഷൻ വിതരണക്കാരുടെ സമരം; സ്റ്റോക്കില്ലാതെ ഭൂരിഭാഗം കടകളും

തിരുവനന്തപുരം: റേഷൻ വിതരണ കരാറുകാരുടെ സമരം മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ പതിനാലായിരത്തിൽപരം കടകളിൽ മിക്കതിലും സാധനങ്ങളില്ല. പകുതിയോളം കാർഡ് ഉടമകൾക്ക് ജനുവരിയിലെ റേഷൻ വിതരണം ചെയ്യാനുമായിട്ടില്ല. 27 മുതൽ വ്യാപാരികൾ കൂടി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ലക്ഷക്കണക്കിനു കാർഡ് ഉടമകൾക്കു ഈ മാസത്തെ റേഷൻ നഷ്ടപ്പെടാം.

ആകെ 94.82 ലക്ഷം കാർഡ് ഉടമകളിൽ 46.76 ലക്ഷം (49.31%) പേരാണ് ഇതുവരെ ജനുവരിയിലെ റേഷൻ വാങ്ങിയത്. വ്യാപാരി സംഘടനകളെല്ലാം 27 മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചതിനാൽ ഇനി 5 പ്രവൃത്തിദിനങ്ങൾ മാത്രമാണ് വിതരണത്തിന് ശേഷിക്കുന്നത്. ഗോഡൗണുകളിൽ നിന്നു കടകളിൽ സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് ഡിസംബർ വരെ 3 മാസത്തെ ബിൽ തുകയും മുൻകാല കുടിശികയും ഉൾപ്പെടെ നൽകാനുള്ള 71 കോടിയിലേറെ രൂപ ആവശ്യപ്പെട്ടാണ് ഇവർ ഈ മാസം ആദ്യം പണിമുടക്ക് ആരംഭിച്ചത്. ഒരു മാസത്തെ തുക നൽകാൻ 17 കോടി രൂപ വേണം.

സർക്കാർ 50 കോടി രൂപ നോഡൽ ഏജൻസിയായ സപ്ലൈകോയ്ക്ക് അനുവദിച്ചെങ്കിലും ബിൽ തുകയിൽ സെപ്റ്റംബറിലെ 40% മാത്രമാണു നൽകിയത്. ബാക്കി സപ്ലൈകോ ഗോഡൗണുകളുടെ വാടകയും ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി മാറ്റിവച്ചു. സർക്കാരും കരാറുകാരുമായി ഇനി ചർച്ച നിശ്ചയിച്ചിട്ടില്ലാത്തതിനാൽ റേഷൻ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നു വ്യക്തമല്ല.