ന്യൂഡൽഹി: കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ പുണെയിൽ 22 പേരിൽ ഗീലൻ ബാ സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. അതിസാരം, വയറുവേദന, കൈകാലുകൾക്ക് ബലഹീനത, പക്ഷാഘാതം തുടങ്ങിയ രോഗലക്ഷണങ്ങളുമായി ദീനനാഥ് മങ്കേഷ്കർ ആശുപത്രി, നവലെ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതരെ പ്രവേശിപ്പിച്ചത്. രോഗപ്രതിരോധശേഷിയെയും നാഡീപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അപൂർവ രോഗമാണ് ജിബിഎസ്. പേശികളുടെ ശക്തികുറഞ്ഞ് പക്ഷാഘാതം വരെ സംഭവിക്കാം. ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയാണ് രോഗകാരി.