ജറുസലം: ഗാസ വെടിനിർത്തലിനു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. ജെനിൻ നഗരത്തിലെ അഭയാർഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീൻ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വർഷങ്ങളായി ഇസ്രയേൽ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്.
വെസ്റ്റ്ബാങ്കിൽ പലസ്തീൻപ്രദേശങ്ങളിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെയുള്ള ഉപരോധം പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ജെനിൻ നഗരത്തിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്. അതേസമയം, ഗാസയിൽ വെടിനിർത്തൽ മൂന്നാം ദിവസം പിന്നിട്ടു. ജീവകാരുണ്യസഹായവുമായി കൂടുതൽ ട്രക്കുകൾ എത്തി.