രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഗെയിം ചേഞ്ചർ. 450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയാണുള്ളത്. ജനുവരി 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു ബോക്സ് ഓഫീസ് ദുരന്തമായി മാറിയിരിക്കുകയാണ്.
എല്ലാ ഭാഷകളിലുമായി, ഇന്ത്യയൊട്ടാകെ ഏകദേശം 8000 ഷോകളോടെ ആണ് ഗെയിം ചേഞ്ചർ റിലീസ് ചെയ്‌തത്. എന്നാൽ ആദ്യദിനം തന്നെ ചിത്രത്തിന്റെ വിധിയെഴുതപ്പെട്ടു. മോശം പ്രതികരണങ്ങളാണ് റിലീസ് ദിനത്തിൽ ചിത്രം ഏറ്റുവാങ്ങിയത്. അതാവട്ടെ, ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചു.
100 കോടി ക്ലബ്ബിൽ ചിത്രം കയറിയല്ലോ എന്ന ആശ്വാസത്തിനും വകയില്ല. 450 കോടി ബഡ്ജറ്റിൽ ഒരുക്കപ്പെട്ട ചിത്രത്തിനു മുടക്കുമുതലിന്റെ നാലിലൊന്നു മാത്രമാണ് ഇതുവരെ തിരിച്ചുപിടിക്കാനായത്.
ഇതോടെ നിർമാതാവിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇതുവരെ 124 കോടി മാത്രമാണ് സിനിമയുടെ നെറ്റ് കളക്ഷൻ. ചിത്രം ഈ വാരത്തോടെ തിയേറ്റർ വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ദിൽ രാജുവിന് 100 കോടിയിലധികം രൂപയുടെ നഷ്ടമാവും ഉണ്ടാവുക. ദിൽ രാജുവിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാകും ഗെയിം ചേഞ്ചർ.
സിനിമയുടെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്കാണ് ആമസോൺ പ്രൈമിന് നൽകിയിരിക്കുന്നത് എന്നാണ് വിവരം. സിനിമയുടെ ഒടിടി അവകാശം ഇല്ലാത്ത പക്ഷം നിർമാതാവിന്റ നഷ്ടം ഇതിലും വലുതാകുമായിരുന്നു എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
മോശം പ്രകടനത്തെ തുടർന്ന് ആദ്യ ആഴ്ചയിൽ തന്നെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടിവന്ന വരുൺ ധവാൻ്റെ ബേബി ജോണിന് സമാനമായ വിധിയാണ് ഈ ചിത്രവും നേരിടുന്നത്. എസ് ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറിന്റെ ഷൂട്ട് ആരംഭിക്കുന്നത് 2021ൽ ആണ്. പലതവണ റിലീസ് നീക്കിവയ്ക്കപ്പെട്ട ചിത്രം നാലു വർഷത്തിനു ശേഷമാണ് തിയേറ്ററുകളിലെത്തിയത്.
കിയാര അദ്വാനി, എസ് ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.6 കോടിയാണ് ഈ ഗാനത്തിനായി മാത്രം ഷങ്കർ ചെലവാക്കിയത്.