India

ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചു; വെർച്വലായി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ വിചാരണയും; ടെക്കിയെ കബളിപ്പിച്ച് തട്ടിയത് 11 കോടി, 3 പേർ അറസ്റ്റിൽ | 11 crore digital arrest scam

ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ‌ു പ്രതികൾ പിടിയിലായത്

ബെംഗളൂരു: ഐടി ജീവനക്കാരനെ ഡിജിറ്റൽ അറസ്റ്റിലാക്കി 11 കോടി രൂപ തട്ടിയെടുത്ത കേസിൽ 3 പേർ അറസ്റ്റിൽ. 2 ഗുജറാത്ത് സ്വദേശികളും ഒരു ഡൽഹി സ്വദേശിയുമാണു പിടിയിലായത്. ബെംഗളുരു സ്വദേശി കെ.എസ്.വിജയ്കുമാർ നൽകിയ പരാതിയിലാണു നടപടി. 3.75 കോടി രൂപ തിരിച്ചുപിടിച്ചു. ഒരു മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് പറഞ്ഞാണ് കോടികൾ തട്ടിയത്.

മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണു പ്രതികൾ വിജയ്കുമാറിനെ ബന്ധപ്പെട്ടത്. വിജയ്കുമാറിന്റെ രേഖകൾ ഉപയോഗിച്ച് 6 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് നടന്നതിനു കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു. മുംബൈയിലേക്കു വരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോൾ ഡിജിറ്റലായി അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചു. വെർച്വലായി ചോദ്യം ചെയ്ത് സുപ്രീംകോടതിയെന്ന പേരിൽ വ്യാജ കോടതി സജ്ജീകരിച്ച് വിചാരണ ചെയ്തു.

ഇതിനിടെ പല തവണ പണം നൽകി. ഒരു മാസത്തിനു ശേഷം കേസിനെക്കുറിച്ച് സംസാരിക്കാൻ വിജയ്കുമാർ ബെംഗളൂരുവിലെ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ‌ു പ്രതികൾ പിടിയിലായത്.

CONTENT HIGHLIGHT: 11 crore digital arrest scam