തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ആണ് കാട്ടാനയെ മയക്കുവെടി വച്ചത്. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും സ്ഥലത്തെത്തി നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് വെടിവച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി.
വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്കു സമീപം പുഴയുടെ തുരുത്തിലാണ് ആനയുള്ളത്. 15 മുതൽ ആന ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചത്. മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോൾ കുത്തേറ്റതാണെന്നാണു കരുതുന്നത്. മസ്തകത്തിൽ 2 മുറിവുണ്ട്. വെടിയേറ്റതാണെന്നും പ്രചാരണമുണ്ടായി. ആനയുടെ ഒരു മുറിവ് ഭേദമായിട്ടുണ്ടെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആന ഒറ്റയ്ക്കാണെന്നും അവശനാണെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ട്. ആനകൾ കൊമ്പുകോർക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ സ്വയം ഉണങ്ങാറാണു പതിവ്. എന്നാൽ ജനവാസ മേഖലകളിൽ നിരന്തരം ആന പ്രത്യക്ഷപ്പെട്ടതോടെയാണു മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകാൻ തീരുമാനിച്ചത്.
CONTENT HIGHLIGHT: athirappilly injured elephant