തിരുവനന്തപുരം: പി.പി.ഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ലെന്ന് ഡോ. തോമസ് ഐസക്. കോവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട് എന്നും പി.പി.ഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണ് എന്നും അദ്ദേഹം പറഞ്ഞു. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്, തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സിഎജിയെ അല്ല, സി.എ.ജി രാഷ്ട്രീയം കളിക്കുകയാണ്. സിഎജി കേരളത്തിനെതിരായ കുരിശു യുദ്ധത്തിൻ്റെ ഭാഗം ആണെന്നും മിക്ക ഭരണഘടന സ്ഥാപനങ്ങളും ബിജെപി രാഷ്ട്രീയവൽക്കരിച്ചുവെന്നും അതിന് കൈമണിയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുകയാണ് , സാമ്പത്തിക പ്രതിസന്ധി അടിച്ചേൽപ്പിക്കുന്നു, കേരളത്തിൽ യുഡിഎഫ് ബിജെപിയെ സഹായിക്കുകയാണ് , രാജ്യത്ത് മറ്റിടങ്ങളിൽ മാത്രമാണ് കോൺഗ്രസ് ബിജെപിയെ എതിർക്കുന്നത്, കേന്ദ്രത്തിന് എതിരെ ഒപ്പം നിൽക്കാൻ യുഡിഎഫ് തയ്യാറുണ്ടോ എന്നും തോമസ് ഐസക് ചോദിച്ചു. എൽ ഡി എഫിന് മൂന്നാം തവണയും ഭരണത്തുടർച്ച ഉണ്ടാവും എന്നും അദ്ദേഹം വ്യക്തമാക്കി.
വിപണിയില്‍ ലഭ്യമായതിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്ക് കോവിഡ്കാലത്ത് പി.പി.ഇ. കിറ്റുകള്‍ വാങ്ങിയെന്നായിരുന്നു സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചുമുതല്‍ മേയ് വരെ വിപണിവിലയെക്കാള്‍ 300 ശതമാനം അധികനിരക്കില്‍ പി.പി.ഇ. കിറ്റ് വാങ്ങിയതുവഴി സര്‍ക്കാരിന് 10.23 കോടിരൂപ അധികച്ചെലവുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനിയില്‍നിന്ന് മൂന്നിരട്ടിവിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയില്‍ അഴിമതിയാരോപിച്ച് നേരത്തേ പ്രതിപക്ഷം മുന്‍മന്ത്രി കെ.കെ. ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും എതിരേ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തില്‍ സി.എ.ജി റിപ്പോര്‍ട്ടും പുറത്തുവന്നത്.
കേരളത്തില്‍ സിപിഎമ്മിന് വനിതാ ഏരിയ സെക്രട്ടറിമാരുണ്ടോ എന്ന കാന്തപുരത്തിന്റെ ചോദ്യത്തിനും തോമസ് ഐസക് പ്രതികരണമുന്നയിച്ചു. വനിതാ ഏരിയാ സെക്രട്ടറിമാര്‍ ഇല്ലാത്തതിന്റെ പോരായ്മ ഉണ്ടെന്ന് കരുതുന്നവരാണ് പാര്‍ട്ടി. ബോധപൂര്‍വ്വം അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ത്രീപുരുഷ സമത്വത്തിലാണ്. സ്ത്രീക്ക് രണ്ടാം സ്ഥാനം കല്‍പ്പിച്ചു കൊടുക്കുന്നത് മതത്തില്‍ മാത്രമല്ല സര്‍വതലങ്ങളിലുമുണ്ട്. കേരളത്തില്‍ ഒരുകാലത്തും ഇല്ലാത്ത വിധം ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടി സ്ഥാനങ്ങളിലും വനിതകള്‍ വരും. കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. മുസ്ലിം മത രാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്ത ആളാണ് അദ്ദേഹമെന്നും തോമസ് ഐസക് പറഞ്ഞു.
CONTENT HIGHLIGHT: thomas isaac reply about ppe kit issue