Kerala

പെട്രോള്‍പമ്പ്, പാചകവാതക മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍: മിനിമം വേതന വിജ്ഞാപനത്തിന്‍മേലുള്ള കോടതി സ്‌റ്റേ നീക്കം ചെയ്യാന്‍ എ.ജിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി

പെട്രോള്‍പമ്പ് പാചകവാതക മേഖലകളിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കാനുള്ള വിജ്ഞാപനത്തിന്‍മേല്‍ കോടതി സ്‌റ്റേ നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയെന്ന് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. തൊഴിലാളികലുടെ ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തുന്നത്’ സംബന്ധിച്ച് കെ.വി സുമേഷ് എം.എല്‍.എ റൂള്‍ 304 പ്രകാരം ഉന്നയിച്ച ഉപക്ഷേപത്തിന് മംറുപടി പറയുകയായിരുന്നു മന്ത്രി. പെട്രോള്‍ പമ്പ്, പാചകവാതക മേഖല എന്നീ മേഖലകളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട്. പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ കൂലി അവസാനമായി പുനര്‍നിര്‍ണ്ണയിച്ചത് 2021 ഫെബ്രുവരിയിലെ തൊഴില്‍ പ്രകാരമുള്ള മിനിമം വേതന വിജ്ഞാപനത്തിലൂടെയാണ്.

എന്നാല്‍, ഈ മിനിമം വേതന വിജ്ഞാപനത്തില്‍ സര്‍വ്വീസ് വെയിറ്റേജ് പറയുന്നതിനാല്‍ വിജ്ഞാപനത്തിനെതിരായി All India LPG Distributors Federation (Kerala Circle) ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 2021 ഏപ്രില്‍ 7ലെ ഇടക്കാല ഉത്തരവ് പ്രകാരം ആയത് വാദം കേള്‍ക്കുന്ന അടുത്ത തീയതി വരെ ഹൈക്കോടതി മിനിമം വേതന വിജ്ഞാപനം നടപ്പാക്കുന്നതിനെ സ്റ്റേ ചെയ്തിട്ടുണ്ട്. ഈ റിട്ട് ഹര്‍ജിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്യുകയും, തൊഴില്‍ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 2024 മാര്‍ച്ചില്‍ ഉദ്യോഗസ്ഥരും അഡ്വക്കേറ്റ് ജനറലുമായി നടത്തിയ യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ early posting നടത്തി സ്റ്റേ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

പാചകവാതക വിതരണ മേഖലയിലെ തൊഴിലാളികളുടെ പൊതുവായ തൊഴില്‍ പ്രശ്‌നങ്ങളും മിനിമം വേതനം സംബന്ധിച്ച വിഷയങ്ങളും തൊഴിലാളി-തൊഴിലുടമ-സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ത്രികക്ഷി സമിതിയായ പാചകവാതക വിതരണ മേഖല വ്യവസായബന്ധ സമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 2023 ജൂലായില്‍ ഈ വ്യവസായ ബന്ധസമിതി പുനര്‍സംഘടിപ്പിച്ച് ഉത്തരവായിട്ടുള്ളതുമാണ്. പാചകവാതക വിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പൂര്‍ണ്ണത വരണമെങ്കില്‍ BPCL, IOC, HP എന്നീ ഓയില്‍ കമ്പനികളുടെ പ്രതിനിധികളെ കൂടി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് തൊഴിലാളി പ്രതിനിധികള്‍ വ്യവസായ ബന്ധസമിതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സമിതി ചെയര്‍മാന്റെ ശിപാര്‍ശ പ്രകാരം ജനറല്‍ മാനേജര്‍ തലത്തിലുള്ള ഓയില്‍ കമ്പനി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശം സമിതി ചെയര്‍മാന്‍ നല്‍കിയിട്ടുണ്ട്. മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-മാര്‍ക്ക് പരാതി നല്‍കി പരിഹാരം കാണാവുന്നതുമാണ്.

കേരളത്തിലെ I.O.C, BPCL, HPCL കമ്പനികളുടെ എല്‍.പി.ജി പ്ലാന്റുകളില്‍ ഓടുന്ന സിലിണ്ടര്‍ ട്രക്ക് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ അടങ്ങുന്ന കരാറിന്റെ കാലാവധി 2022 ഡിസംബര്‍ 31ന് അവസാനിച്ചതിനാല്‍ അത് പുതുക്കി നല്‍കുന്നതിനായി ആള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിഷനും ആള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും C.I.T.U, INTUC, AITUC, BMS എന്നീ യൂണിയനുകള്‍ സംയുക്തമായും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കരാര്‍ നടപ്പിലാക്കുന്നതിനായി അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍)-ന്റെ അധ്യക്ഷതയില്‍ മീറ്റിംഗുകള്‍ നടത്തുകയും 5 വര്‍ഷ കാലാവധിയുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

21,000/- രൂപ വരെ (ഭിന്നശേഷിക്കാര്‍ക്ക് 25,000/- രൂപ) വേതനം ലഭിക്കുന്നതും, പത്തോ അതിലധികമോ ജീവനക്കാരുള്ളതുമായ പെട്രോള്‍ പമ്പ് – പാചകവാതക മേഖല ഉള്‍പ്പെടെയുള്ള എല്ലാ ഫാക്ടറി/സ്ഥാപനങ്ങളിലെയും തൊഴിലാളികളും ഇ.എസ്.ഐ ആക്ട്, 1948ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹരാണ്. എന്നാല്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ആക്ട് നിലവില്‍ വന്നിട്ടില്ല. സംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരെ അവരുടെ തൊഴിലുടമകള്‍ക്ക് വെബ്‌പോര്‍ട്ടലുകള്‍ വഴി ഇ.എസ്.ഐ ആക്ടില്‍ രജിസ്ട്രേഷന്‍ ചെയ്യാവുന്നതും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തൃശൂര്‍ ഇ.എസ്.ഐ.സി റീജിയണല്‍ ഓഫീസ് എല്ലാ മാസവും സംഘടിപ്പിക്കുന്ന ‘Suvidha Samagam’ എന്ന പരസ്പര സംവാദ സെഷനില്‍ പങ്കെടുക്കാവുന്നതുമാണ്. ആയത് സംഘടിപ്പിക്കുന്ന തീയതി പ്രാദേശിക ന്യൂസ് പേപ്പറില്‍ പബ്ലിഷ് ചെയ്യുന്നതാണണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

CONTENT HIGH LIGHTS; Workers’ issues in petrol pump, cooking gas sector: Minister directs AG to remove court stay on minimum wage notification