Kerala

എന്തിനാണ് വീഡിയോ എടുത്തത് ? ആരാണ് പ്രചരിപ്പിച്ചത് ? മൊബൈല്‍ ഫോണ്‍ വാങ്ങി വച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ഥിയുടെ ഭീഷണിയില്‍ വിശദീകരണം തേടി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ | students threat to teacher joint director of higher secondary seeks report

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്

പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ത്ഥി കൊലവിളി നടത്തിയ സംഭവത്തിൽ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടു വന്നത്.

പിടിച്ചെടുത്ത മൊബൈൽ ഫോൺ അധ്യാപകൻ പ്രധാന അധ്യാപകനെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നിൽ വിദ്യാർഥി കൊലവിളി നടത്തിയത്. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. ഭീഷണി മുഴക്കിയ വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

CONTENT HIGHLIGHT: students threat to teacher joint director of higher secondary seeks report