Kerala

‘പരിഹാരം കണ്ടെത്താമെന്ന് യുഡിഎഫ് ഉറപ്പുനൽകി’; കലാ രാജുവിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം | cpm releases video kala raju

ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

കൂത്താട്ടുകുളം: കുറുമാറുമെന്ന ഭീതിയിൽ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. യുഡിഎഫ് സഹായം വാഗ്ദാനം ചെയ്തെന്ന കലാ രാജുവിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവിട്ടത്. ഏരിയാ കമ്മറ്റി ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

യുഡിഎഫ് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തിയെന്നാണ് സിപിഎം ആരോപണം. കൂറുമാറ്റത്തിന്റെ തെളിവുകൾ പുറത്തുവിടുമെന്ന് സിപിഎം മുമ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് യുഡിഎഫ് ഉറപ്പുനൽകിയതായി കലാ രാജു വീഡിയോയിൽ പറയുന്നുണ്ട്. പ്രതിസന്ധിഘട്ടത്തിൽ സിപിഎം കൂടെ നിന്നില്ലെന്നും സാമ്പത്തിക ബാധ്യത അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായും കലാ പറയുന്നു.

പണം വാ​ഗ്ദാനം ചെയ്തെന്ന വാദം കലാ രാജു വീഡിയോയിൽ നിഷേധിക്കുന്നുണ്ട്. ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്നും യുഡിഎഫ് നൽകിയ ആശ്വാസവാക്ക് പോലും പാർട്ടിയുടെ ഭാ​ഗത്തുനിന്നും ഉണ്ടായില്ലെന്നും കലാ പറയുന്നു.

കൂത്താട്ടുകുളം നഗരസഭയിൽ നടന്നത് കുതിരക്കച്ചവടമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കോൺഗ്രസിനും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ഏരിയാ സെക്രട്ടറി പിബി രതീഷും ഉന്നയിച്ചത്. കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിലാണെന്ന് സിഎൻ മോഹനനും കോൺഗ്രസ് പണം വാഗ്ദാനം ചെയ്തെന്ന് കലാ രാജു പറഞ്ഞതായി പിബി രതീഷും പറഞ്ഞു.

കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തഇരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിച്ചത്. കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

CONTENT HIGHLIGHT: cpm releases video kala raju