കനേഡിയൻ പോപ്പ് സിംഗർ ജസ്റ്റിൻ ബീബറും ഭാര്യ ഹെയ്‌ലി ബീബറും വിവാഹബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വാർത്തകൾക്ക് കൂടുതൽ ഉറപ്പ് നൽകികൊണ്ട് ഭാര്യ ഹെയ്‌ലിയെ ജസ്റ്റിൻ ബീബർ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. ഇത് വിവാഹമോചന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
ഇതിന് പിന്നിലെ സത്യാവസ്ഥ തേടിക്കൊണ്ട് ആരാധകരും എത്തി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജസ്റ്റിൻ ഹെയ്‌ലി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. ജസ്റ്റിൻ തന്നെയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മകന്റെ ജനനവിവരം പുറത്തുവിട്ടത്. ജാക്ക് ബ്ലൂസ് ബീബർ എന്നാണ് ജസ്റ്റിൻ തന്റെ മകന് പേര് നൽകിയിരിക്കുന്നത്. മകന്റെ വരവിന് ശേഷമുള്ള സന്തോഷ നിമിഷങ്ങൾക്കിടയിലാണ് ഇരുവരും വേർപിരിയുന്നു എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചത്.
ജസ്റ്റിൻ ഭാര്യയെ അൺഫോളോ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഹെയ്‌ലി ഇപ്പോഴും ജസ്റ്റിൻ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്.
എന്നാൽ ഭാര്യയെ അൺഫോളോ ചെയ്തത് താനല്ലെന്ന് അവകാശപ്പെട്ട് ജസ്റ്റിൻ ബീബർ തന്നെ ഇപ്പോള്‍ രംഗത്ത് എത്തി എന്നതാണ് പുതിയ വഴിത്തിരിവ്. ഭാര്യയെ ജസ്റ്റിൻ ബീബർ അൺഫോളോ ചെയ്തു എന്ന വാര്‍ത്ത വ്യാപകമായതോടെ തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ ജസ്റ്റിന്‍ ബീബര്‍ വിശദീകരണം നല്‍കി. “ആരോ എന്‍റെ അക്കൗണ്ടിൽ കയറി എന്‍റെ ഭാര്യയെ അൺഫോളോ ചെയ്തു”- എന്ന് ജസ്റ്റിൻ എഴുതി.
മുൻപ് ഹെയ്‌ലിയുമൊത്തുള്ള വിന്‍റര്‍ ഹോളിഡേ ചിത്രങ്ങള്‍ ഗായകന്‍ തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഭാര്യയുടെ ഫോട്ടോയും ബീബര്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. “എനിക്കറിയാവുന്ന ഏറ്റവും വലിയ സ്ത്രീ, എന്നാണ് ചിത്രത്തിന് ഗായകന്‍ നൽകിയ അടിക്കുറിപ്പ്.
2018-ലാണ് ജസ്റ്റിനും ഹെയ്‌ലിയും വിവാഹിതരാകുന്നത്.ഏറെ നാളത്തെ ഡേറ്റിംഗിന് ശേഷമാണ് ഇരുവരും വിവാഹതിരായത്. 2024 ഡിസംബറിൽ ഹെയ്‌ലി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച വൈറൽ ടിക്‌ടോക്ക് റീപോസ്‌റ്റ് ചെയ്തിരുന്നു.ഇതാണ് ഇരുവരും തമ്മിൽ ബന്ധം വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് തുടക്കം കുറിച്ചത്. സംഭവത്തിൽ ഹെയ്‌ലി ഇതുവരെ പ്രതികരിച്ചിട്ടില്ല.