ഡൽഹി: രാജ്യത്തെ ലിംഗവിവേചനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി 2015 ൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി 10 വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൺകുട്ടികളെ സംരക്ഷിക്കുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നതിന്റെ അർത്ഥം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങൾ ഏറ്റെടുത്തെന്നും സമൂഹത്തിൻ്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങൾക്കും വിവിധ സന്നദ്ധ സംഘടനകൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുവഴി കുട്ടികളുടെ ലിംഗാനുപാതം കുറവുള്ള ജില്ലകളിൽ കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്തു. ബോധവൽക്കരണ ക്യാമ്പെയ്‌നുകൾ ലിംഗസമത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള ബോധം വളർത്തി. താഴെത്തട്ടിൽ സാമൂഹിക മാറ്റം വളർത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി വരും വർഷങ്ങളിലും ഈ പ്രസ്ഥാനത്തിന് തുടർച്ചയായ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.
2015 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. പദ്ധതി യാഥാർത്ഥ്യമായതിന് ശേഷം ജനനസമയത്ത് ദേശീയ ലിംഗാനുപാതം 2014-15 ൽ 918 ആയിരുന്നത് 2023-24 ൽ 930 ആയി ഉയർന്നു. സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ പെൺകുട്ടികളുടെ മൊത്തം എൻറോൾമെൻ്റ് അനുപാതം 75.51% ൽ നിന്ന് 78% ആയി ഉയർന്നു. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതി വഹിച്ച പങ്ക് വ്യക്തമാക്കുന്നു. മാതൃ-ശിശു ആരോഗ്യരംഗത്തും ഈ പദ്ധതി വലിയ പുരോഗതിയാണ് കൈവരിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ ഡെലിവറികൾ 61% ൽ നിന്ന് 97.3% ആയി ഉയർന്നു. പ്രസവാനന്തര പരിചരണ രജിസ്ട്രേഷൻ 61%ൽ നിന്ന് 80.5% ആയി ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
CONTENT HIGHLIGHT: modi celebrated 10 years of the beti bachao beti padhao