Gulf

തൊഴിൽ കേസുകൾ തീർപ്പാക്കാൻ സൗദിയിൽ വേഗത്തിൽ നടപടി

സൗദിയിൽ തൊഴിൽ കേസുകൾ തീർപ്പാക്കുന്നതിൽ വേഗത കൂടി. കഴിഞ്ഞ വർഷം തീർപ്പാക്കിയത് ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം തൊഴിൽ കേസുകളാണെന്ന് അധികൃതർ.

മുൻ വർഷത്തേക്കാൾ 21 ശതമാനം കേസുകളിൽ തീർപ്പുണ്ടാക്കിയെന്നാണ് കണക്കുകൾ ഉദ്ധരിച്ച് സൗദി നീതിന്യായ മന്ത്രാലയം അറിയിച്ചത്. കേസ് ഫയൽ ചെയ്യുന്ന തീയതി മുതൽ കേസ് അവസാനിക്കുന്നതുവരെ വാദം കേൾക്കുന്ന കാലയളവ് മുൻകാലങ്ങളിൽ ദീർഘിച്ചതായിരുന്നു. എന്നാൽ ഇപ്പോൾ ശരാശരി കാലയളവ് ഒരു കേസിന് 20 ദിവസമാക്കി ചുരുക്കുന്നതിന് ലേബർ കോടതികൾക്കായിട്ടുണ്ട്. കഴിഞ്ഞ വർഷം 1,30,000-ത്തിൽ അധികം തൊഴിൽ കേസുകളിൽ വിധികൾ പുറപ്പെടുവിച്ചു. കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമയം ലാഭിക്കുന്നത് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുകയും കൂടുതൽ സ്ഥിരതയുള്ളതും ആകർഷകവുമാക്കുകയും ചെയ്തിട്ടുമുണ്ട്.

ഗൾഫ് നാടുകളിൽ പ്രവാസികൾ ഏറ്റവും കൂടുതലായി തൊഴിലിനെ ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്. ഇതനുസരിച്ച് നിരവധി തൊഴിൽ തർക്കങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. അടുത്തിടെയായി സൗദി ലേബർ ട്രൈബ്യൂണലുകൾ തൊഴിൽ തർക്കങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതിലൂടെ രാജ്യത്തെ തൊഴിൽ വിപണി കാര്യക്ഷമമാക്കിയിട്ടുണ്ട്.