Kerala

‘ദിവ്യ ജില്ലാ പഞ്ചായത്തിനു പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റ്‌ ആവേണ്ടിയിരുന്നയാൾ, പൊതുമുതൽ കൊള്ളയടിക്കുന്നതിൽ വീരപ്പനെപ്പോലും നാണിപ്പിക്കും’; പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡൻ്റ് | pp divya benami companies corruption allegations

ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ പങ്കുണ്ട്

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു രൂപയുടെ കരാറുകൾ നൽകിയതു സ്വന്തം ബെനാമി കമ്പനിക്കാണെന്ന് ഷമ്മാസ് പറയുന്നു. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് ആരോപിച്ചു. ആരോപണവുമായി ബന്ധപ്പെട്ട ചില രേഖകളും വാർത്താസമ്മേളനത്തിൽ ഷമ്മാസ് പുറത്തുവിട്ടു.

‘‘കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനുശേഷം 2021 ജൂലൈ 20നാണ് കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എം.ഡി. ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി.പി. അജിത്തിന്റെയും പേരിൽ ഏക്കർകണക്കിനു സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ ആസിഫിന്റെയും അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്’’ – ഇരുവരുടെയും പേരിൽ സ്ഥലം റജിസ്റ്റർ ചെയ്ത രേഖകൾ പുറത്തുവിട്ട് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

‘‘11 കോടിയോളം രൂപയാണ് രണ്ട് വർഷത്തിനിടയിൽ പ്രീ ഫാബ്രിക്കേറ്റ് ടോയ്‌ലറ്റ് നിർമാണങ്ങൾക്കു മാത്രമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയത്. ഇതിനു പുറമെ പടിയൂർ എബിസി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിർമാണ കരാറും ഈ കമ്പനിക്കു തന്നെ നൽകി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പ്രീ ഫാബ്രിക് നിർമാണങ്ങളാണ് സിൽക്ക് വഴി ഈ കമ്പനിക്ക് നൽകിയത്. പ്രധാനമായും ബയോ ടോയ്‌ലറ്റുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയായിരുന്നു നിർമാണങ്ങൾ. മൂന്ന് വർഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്കു നൽകിയത്. ഒരു കരാർപോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല.

ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ദിവ്യ ജില്ലാ പഞ്ചായത്തിനു പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റ്‌ ആവേണ്ടിയിരുന്നയാളാണ്. പൊതുമുതൽ കൊള്ളയടിക്കുന്നതിൽ വീരപ്പനെപ്പോലും നാണിപ്പിക്കും. അഴിമതിയുടെ ബ്രാൻഡ് അംബാസഡറാക്കാൻ പറ്റിയ ആളാണ് പി.പി. ദിവ്യ. ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും’’ – ഷമ്മാസ് പറഞ്ഞു.

CONTENT HIGHLIGHT: pp divya benami companies corruption allegations