പുതിയൊരു കാർ വാങ്ങുക എന്നത് പലരുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവാം. വീട് കഴിഞ്ഞാൽ ഏവരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും കാറുകൾ തന്നെയാണ്. എന്തെങ്കിലും കാരണവശാല്‍ കാറിന്റെ പെയിന്റ് നഷ്ടപ്പെട്ടാല്‍ മങ്ങുക ആ സ്വപ്‌നം കൂടിയാണ്. ഇഷ്ടവാഹനം ഒരു പോറലു പോലുമേല്‍പിക്കാതെ കൊണ്ടുപോവാനാണ് എല്ലാവരും ആഗ്രഹിക്കുക. കാറിന്റെ പെയിന്റ് പരിപാലിക്കുന്നത് വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണിയുടെ ഭാഗമാണ്. ഇതിന് അധികം പണമൊന്നും ആവശ്യമില്ലെങ്കിലും കുറച്ച് പരിശ്രമം അത്യാവിശ്യമാണ്. നിങ്ങളുടെ കാർ പെയിന്റ് എങ്ങനെ കിടിലമായി പരിപാലിക്കാമെന്നുള്ള ചില പൊടികൈകൾ പറഞ്ഞു തരാം. കാലങ്ങൾ പിന്നിട്ടാലും നിങ്ങളുടെ വാഹനം പുതുമയുള്ളതുമാക്കി നിലനിർത്താൻ ഇക്കാര്യങ്ങൾ സഹായിച്ചേക്കാം.
കാർ പതിവായി കഴുകുക
ധാരാളം വെള്ളം, കാർ വാഷ്, മൃദുവായ സ്പോഞ്ച് എന്നിവ ഉപയോഗിച്ച് കാർ കഴുകുന്നതാണ് കാറിന്റെ പെയിന്റ് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. കൂടാതെ വാഹനം പതിവായി കഴുകുന്നത് വാഹനത്തിന്റെ അടിസ്ഥാന ശുചിത്വ രീതികളുടെ ഭാഗമാണ്. പതിവായി കാർ കഴുകുന്നത് വാഹനത്തിന്റെ ഉപരിതലത്തിൽ നിന്ന് അഴുക്ക്, പൊടി, ചെളി, മറ്റ് ദോഷകരമായ ഘടകങ്ങൾ എന്നിവ നീക്കം ചെയ്യാനും സഹായിക്കും. ഇവയെല്ലാം ചെയ്യുന്നത് പെയിന്റിന് കേടുവരാത്ത രീതിയിലുമാവണം. കഴുകിയ ശേഷം കാർ ശരിയായി ഉണക്കേണ്ടതും അത്യാവിശ്യമാണ്. ഇതിനായി മൃദുവായ മൈക്രോ ഫൈബർ ടവൽ ഉപയോഗിക്കുന്നതാവും ഉത്തമം.
നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാം
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മനുഷ്യന്റെ സ്‌കിന്നിന് മാത്രമല്ല കാറിന്റെ പെയിന്റിനും അപകടകരമാണ്. കഠിനമായ സൂര്യപ്രകാശത്തിന് കാറിന്റെ പെയിന്റ് ഓക്സിഡൈസ് ചെയ്യാനും മങ്ങാനും കാരണമാവും. ആയതിനാൽ ദീർഘനേരം നേരിട്ട് സൂര്യപ്രകാശത്തിൽ കാർ പാർക്ക് ചെയ്യുന്നതെല്ലാം ഒഴിവാക്കുന്നതാണ് നന്ന്. ദീർഘകാലാടിസ്ഥാനത്തിൽ കാറിന്റെ നിറം സംരക്ഷിക്കാൻ തണലത്ത് വാഹനം പാർക്ക് ചെയ്യുന്നതാവും ഉത്തമം.
വാക്‌സ് ചെയ്യാം
കാറിന്റെ പുറംഭാഗം വാക്‌സിംഗ് ചെയ്യുന്നത് പെയിന്റിന് മുകളിൽ ഒരു സംരക്ഷണം നൽകുന്നതിന് സമാനമാണ്. ഇത് അഴുക്ക്, പൊടി, മലിനീകരണം, വെള്ളം, മറ്റ് ദോഷകരമായ വസ്തുക്കൾ എന്നിവയിൽ നിന്ന് പെയിന്റിനെ സംരക്ഷിക്കുന്ന കാര്യമാണ്. ചെറിയ പോറലുകളിൽ നിന്നും മറ്റ് ചെറിയ പാടുകളിൽ നിന്നും രക്ഷനേടാനും ഒരു നല്ല വാക്‌സിന്റെ ഉപയോഗത്തിലൂടെ സാധിക്കും. കൃത്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏതാനും മാസങ്ങൾ കൂടുമ്പോൾ കാർ വാക്‌സ് ചെയ്യുന്നതാണ് ശുപാർശ ചെയ്യുന്നത്.
കാര്‍ കവര്‍
നിര്‍ത്തിയിടുമ്പോള്‍ കാറിന്റെ പെയിന്റ് സംരക്ഷിക്കാന്‍ ഏറ്റവും പറ്റിയ ലളിതമായ മാര്‍ഗമാണ് കാര്‍ കവറുകള്‍. ഒരു സാധാരണ കാര്‍ കവറിന് അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിന്നും നിങ്ങളുടെ വാഹനത്തിന്റെ പെയിന്റിനെ സംരക്ഷിക്കാനാവും. നിങ്ങള്‍ ദീര്‍ഘകാലത്തേക്ക് കാര്‍ നിര്‍ത്തിയിടുകയാണെങ്കില്‍ പൊടിയില്‍ നിന്നും ചൂടില്‍ നിന്നുമെല്ലാം കാറിന്റെ പെയിന്റിനെ സംരക്ഷിക്കാന്‍ കവറിന് സാധിക്കും.
പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം
പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം അഥവാ പിപിഎഫ് എന്നാല്‍ സുതാര്യമായ ഒരു ഫിലിം ഒട്ടിച്ചുകൊണ്ട് വാഹനത്തിന്റെ പെയിന്റിന് സംരക്ഷണം നല്‍കുന്ന പരിപാടിയാണ്. ചെറിയ പോറലുകളെ പെയിന്റിലേക്കെത്താതെ ഏറ്റുവാങ്ങാന്‍ പി.പി.എഫിന് സാധിക്കും. റോഡിലെ പൊടിയും ചെറിയ കല്ലുകളും തട്ടിയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ ഇതു വഴി കഴിയാറുണ്ട്.
സെറാമിക് കോട്ടിങ്
പിപിഎഫിന്റെ അത്രയും ഫലപ്രദമല്ല സെറാമിക് കോട്ടിങ്. എന്നാല്‍ പിപിഎഫിനെ അപേക്ഷിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്നവയാണ് സെറാമിക് കോട്ടിങ്. എന്നാല്‍ പിപിഎഫിനോളം ചെറിയ കല്ലുകളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സെറാമിക് കോട്ടിങിന് സാധിക്കാറില്ല. എങ്കിലും കാറിന് മികച്ച തിളക്കം നല്‍കാന്‍ സെറാമിക് കോട്ടിങിന് സാധിക്കും. അതുപോലെ അസിഡിക്കായ ജലം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ഈ കോട്ടിങിന് സാധിക്കും.