മലയാളികളുടെ പ്രിയ താരം ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ സിനിമയാണ് രേഖാചിത്രം. ഇപ്പോഴിതാ തിയേറ്ററുകളിലെത്തി 13 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.
സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. 2024ലെ വലിയ വിജയങ്ങളുടെ തുടര്‍ച്ചയുമായി 2025ലും വിജയഗാഥ തുടരുകയാണ് ആസിഫ് അലി.
‘ഞങ്ങൾ സ്വപ്നം കണ്ടതും അതിലേറെയും ഇതാണ്. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവർക്കും നന്ദി’, എന്ന ക്യാപ്ഷനോടെയാണ് ആസിഫ് അലി ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
രേഖാചിത്രം ജനുവരി ഒൻപതിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥക്കും ആസിഫ് അലിയുടെ പ്രകടനത്തിനും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, കീർത്തി സുരേഷ് എന്നിവർ ചിത്രത്തെ പുകഴ്ത്തി പോസ്റ്റുമായി എത്തിയിരുന്നു.
‘എന്തൊരു ഗംഭീര ചിത്രമാണിത്. ഈ സിനിമ കാണാത്തവരുണ്ടെങ്കിൽ എത്രയും വേഗം പോയി കാണുക. ഇത് ഒരു ത്രില്ലറാണ്, മിസ്റ്ററിയുണ്ട്, മലയാളം സിനിഫൈലുകൾക്ക് ടൺ കണക്കിന് നൊസ്റ്റാൾജിയയുണ്ട്, അതിനൊപ്പം എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ അവിശ്വസനീയമായ പ്രകടനങ്ങളുമുണ്ട്,’ എന്നാണ് ദുൽഖർ സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആസിഫ് അലിയുടെ അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.