Kerala

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധം; ഡിസിസി പ്രസിഡൻ്റ് ഷിയാസിനും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് | case against mohammed shiyas and abin varkey

കലാ രാജുവിനെ തട്ടികൊണ്ടുപോയതില്‍ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധം

കൊച്ചി: കൂത്താട്ടുകുളത്തെ പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, കൃത്യനിര്‍വ്വഹണം തസ്സപ്പെടുത്തല്‍ എന്നിവ ആരോപിച്ചാണ് കേസ്.

നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടികൊണ്ടുപോയതില്‍ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധം. കൂത്താട്ടുകുളം നഗരസഭയില്‍ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന വേളയില്‍ യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നായിരുന്നു ആരോപണം.

അതിനിടെ ബാധ്യതകള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കൂത്താട്ടുകുളം കൗണ്‍സിലര്‍ കലാ രാജു വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം സിപിഐഎം പുറത്തുവിട്ടു. പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഐഎം പുറത്തുവിട്ടത്. സാമ്പത്തിക ബാധ്യതകള്‍ അന്വേഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി കലാ രാജു അംഗങ്ങളോട് പറയുന്നുണ്ട്. കൂറുമാറാന്‍ കലാരാജുവിന് കോണ്‍ഗ്രസ് നേതാക്കള്‍ സാമ്പത്തിക സഹായം നല്‍കിയെന്ന് സിപിഐഎം നേരത്തെ ആരോപിച്ചിരുന്നു.