കൊൽക്കത്ത: ആര്‍ജി കര് ആശുപത്രിയിലെ പിജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മരണം വരെ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി സഞ്ജയ് റോയ്ക്ക് ജയിലിലെ ദിവസക്കൂലി 105 രൂപയെന്ന് റിപ്പോർട്ട്. ശാരീരിക അധ്വാനം കൂടുതലുള്ള ജോലിക്ക് ദിവസം 105 രൂപ കൂലിയാവും സഞ്ജയ് റോയിക്ക് ലഭിക്കുകയെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
വിചാരണ തടവുകാരൻ അല്ലാത്തതിനാൽ ഇനി ജയിലിലെ കാഠിന്യമേറിയ ജോലികൾ സഞ്ജയ് റോയി ചെയ്യേണ്ടി വരുമെന്നാണ് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ പ്രവർത്തി പരിചയം ഇല്ലാത്തതിനാൽ ശാരീകാധ്വാനമുള്ള ജോലികളാവും നൽകുക. ഇതിന് ദിവസം 105 രൂപ കൂലിയും നൽകുമെന്നാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. തോട്ടം പരിപാലിക്കാനടക്കമുള്ള ജോലികൾ പ്രതിക്ക് നൽകും. തുടക്കത്തിൽ അപ്രൻറിസ് ആയാവും ജോലി. ഇനിയുള്ള കാലം ഈ ജയിലിലാവും ഇയാൾ കഴിയുക. നിലവിൽ അവിദഗ്ധ തൊഴിലാളികൾക്ക് ദിവസം 105 രൂപയും അർധ വിദഗ്ധ തൊഴിലാളികൾക്ക് 120 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 135 രൂപയുമാണ് വേതനമായി നൽകുന്നത്.
വസ്ത്ര നിർമ്മാണം, ഫർണിച്ചർ നിർമ്മാണം, അലുമിനിയം പാത്ര നിർമ്മാണം എന്നിവ അടക്കമുള്ളവയാണ് ജയിലിൽ കഠിനമേറിയ ജോലികളായി നിരീക്ഷിക്കുന്നത്. അതേസമയം കേസിൽ പ്രതിക്ക് വധ ശിക്ഷ വേണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കൊൽക്കത്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും വിധി വ്യക്തമാക്കിയിട്ടുണ്ട്.
കൊൽക്കത്തയിലെ പ്രസിഡൻസി സെൻട്രൽ ജയിലിലാണ് സഞ്ജയ് റോയി കഴിയുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് സെൽദയിലെ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. നിലവിൽ അനുവദിച്ച സെല്ലിനുള്ളിൽ നടക്കാനും വ്യായാമം ചെയ്യാനുമാണ് സഞ്ജയ് റോയിക്ക് അനുമതിയുള്ളത്. ഗാർഡുമാരുടെ നിരീക്ഷണത്തിലാണ് സെല്ലിന് പുറത്തിറങ്ങാനാവുക.
അതേസമയം സഞ്ജയ് റോയ്യുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായതായി റിപ്പോര്‍ട്ട്. ശിക്ഷാ വിധിക്ക് പിന്നാലെ പ്രതി യോഗയും ധ്യാനവും പ്രാര്‍ഥനയുമായി മുന്നോട്ടു പോകുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ച കോടതിയിൽ നിന്ന് കൊൽക്കത്തയിലെ പ്രസിഡൻസി കറക്ഷണൽ ഹോമിലേക്ക് പ്രതിയെ കൊണ്ടുപോയിരുന്നു. നല്ലനടപ്പിന്റെ ഭാഗമായി പ്രതിക്ക് മാനസാന്തരം വന്നുതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. “ശിക്ഷാ വിധിക്ക് പിന്നാലെ പ്രതി റോയ്ക്ക് നല്ല രീതിയില്‍ ഉറക്കം ലഭിച്ചു, തുടർന്ന് അതിരാവിലെ വ്യായാമവും ധ്യാനവും ശിവനെ സ്തുതിക്കുകയും ചെയ്തു”, എന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒരു ശുചീകരണത്തൊഴിലാളി സെല്ലിൽ പ്രവേശിച്ചപ്പോൾ സഞ്ജയ് റോയ് സംസാരിച്ചെന്നും, തന്റെ കുട്ടിക്കാലത്തെ കഥകള്‍ പങ്കുവച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിയെ തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
CONTENT HIGHLIGHT: sanjay roy to get 105 rupee as daily wage