India

അപ്രതീക്ഷിത നീക്കം; മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു | jdu withdraws support to bjp government in manipur

ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ

ഡൽഹി: മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിൻവലിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്. പിൻമാറ്റം മണിപ്പൂർ സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ.

കോൺറാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു മണിപ്പൂരിൽ 6 സീറ്റിലാണ് വിജയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചേർന്നു. ഇതോടെ നിലവിൽ ജെഡിയുവിന് ഒരു അംഗം മാത്രമാണുളളത്. നിലവിൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുളളത്. ഇതിനൊപ്പം നാഗാ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ 5 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപി സർക്കാരിനെ പിന്തുണക്കുന്നു.

CONTENT HIGHLIGHT: jdu withdraws support to bjp government in manipur