ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിന്‍റെ ജഴ്‌സിയിൽ ആതിഥേയരായ പാകിസ്ഥാന്‍റെ പേര് വയ്ക്കരുതെന്ന ഇന്ത്യയുടെ ആവശ്യം തള്ളി ഐസിസി. ടൂർണമെന്‍റിന്‍റെ യഥാർഥ ആതിഥേയ രാജ്യമായതിനാൽ ഇന്ത്യയുടെ ജഴ്‌സിയില്‍ ‘പാകിസ്ഥാൻ’ എന്ന് എഴുതാൻ ബിസിസിഐ ബാധ്യസ്ഥരാണെന്ന് ഐസിസി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ലോഗോ ടീം കിറ്റുകളിലും ജേഴ്സിയിലും എല്ലാ ടീമുകളും പ്രദര്‍ശിപ്പിക്കണമെന്നും ഇത് ചെയ്യാത്ത ടീമുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഐസിസി പ്രതിനിധിയെ ഉദ്ധരിച്ച് എആര്‍വൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
ചാമ്പ്യൻസ് ട്രോഫിക്കായി എത്തുന്ന എല്ലാ ടീമുകളും അവരുടെ കിറ്റുകളില്‍ ടൂര്‍ണമെന്‍റ് ലോഗോ പതിക്കണമെന്നത് നിര്‍ബന്ധമാണെന്നും ഐസിസി പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാകിസ്ഥാന്‍റെ പേരുള്ള ലോഗോ പതിക്കാനാകില്ലെന്ന തരത്തില്‍ യാതൊരു ആശയവിനിമയവും ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭാഗത്തു നിന്നോ ഐസിസിയുടെ ഭാഗത്തുനിന്നോ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ദുബായ് ആണെന്നതിനാല്‍ കിറ്റുകളില്‍ പാകിസ്ഥാന്‍ എന്ന് വെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ബിസിസിഐയുടെ നലപാട്. ഐസിസി ടൂര്‍ണമെന്‍റുകള്‍ക്ക് മുന്നോടിയായി നടത്തുന്ന ക്യാപ്റ്റന്‍മാരുടെ പതിവ് ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനും രോഹിത്തിനെ അയക്കേണ്ടെന്ന് ബിസിസിഐ നേരത്തെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
രോഹിത്തിന് കൂടി പങ്കെടുക്കുന്നതിനായി ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ദുബായിലേക്ക് മാറ്റണമെന്ന് ബിസിസിഐ ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനാല്‍ പുതിയ നിര്‍ദേശത്തോട് ഐസിസി എങ്ങനെയാവും പ്രതികരിക്കുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. അടുത്ത മാസം 19ന് തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ 20ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുടര്‍ന്ന് ദുബായ് ആണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.
CONTENT HIGHLIGHT: icc denies the request from india