Thiruvananthapuram

നടപ്പാതകളിലെ കൈയേറ്റം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥ തല സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

നടപ്പാതകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യുക, നടപ്പാതകളിലെ അനധികൃത വാഹന പാർക്കിംഗ് തടയുക തുടങ്ങിയ പരാതികളുടെ ശാശ്വത പരിഹാരത്തിനായി നഗരസഭ, പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പൊതു നിരത്തുകളിലും പാതയോരങ്ങളിലും അപകടരഹിതമായി സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടരുത്. ഇത്തരം പരാതികൾ പരിഹരിക്കുന്ന വിഷയത്തിൽ അധികൃതർ ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സമിതിയുടെ രൂപീകരണത്തിന് നഗരസഭാ സെക്രട്ടറി മുൻകൈയെടുക്കണം. നടപ്പാതകൾ കൈയേറുന്നതിനെതിരെ കാഴ്ചപരിമിതിയുള്ള പരാതിക്കാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

ഇക്കാര്യത്തിൽ ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ ഉണ്ടെങ്കിലും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസമുണ്ടാകുന്നതായി പരാതിയുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഒരു സ്ഥിരം സമിതിയുണ്ടെങ്കിൽ ഇത്തരം പരാതികൾ യഥാസമയം പരിഹരിക്കാൻ കഴിയും.

നടപ്പാത കൈയേറുന്നവർക്കെതിരെയുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന നഗരസഭാ സ്ക്വാഡിന് പോലീസ് സഹായം നൽകി വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. അനധികൃത പരസ്യബോർഡുകൾ നീക്കം ചെയ്യുമ്പോൾ സംഘർഷാവസ്ഥ ഉണ്ടായാൽ പോലീസ് സഹായം നൽകും. നടപ്പാതകളിലെ വാഹനപാർക്കിംഗിനെതിരെ പിഴ ഈടാക്കാറുണ്ട്. പൊതുനിരത്തുകളിലും പാതയോരങ്ങളിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ചിരിക്കുന്ന കമാനങ്ങളും കൊടുതോരണങ്ങളും കാരണമുണ്ടാകുന്ന അപകടാവസ്ഥയെ കുറിച്ച് ബോധവൽക്കരണം നൽകാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിധീഷ് ഫിലിപ്പ് സമർപ്പിച്ച പരാതിയിലാണ് നടപടി.

CONTENT HIGH LIGHTS; Human Rights Commission to form officer-level committee to stop encroachment on footpaths

Latest News