Kerala

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസ്; കോടതിയില്‍ രഹസ്യമൊഴി നൽകി കലാ രാജു – koothattukulam kidnapping case

കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല വെളിപ്പെടുത്തി. കൂടാതെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും കല പറഞ്ഞു. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല എന്നും സിപിഎമ്മിൽ തുടരാൻ ആ​ഗ്രഹമില്ലെന്നും കല വ്യക്തമാക്കി.

അതേ സമയം, പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സന്‍റെ ഓദ്യോഗിക വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതിലാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്. കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ കലാ രാജു ആംബുലന്‍സിലാണ് എത്തിയത്.

കല രാജുവിനെ തട്ടിക്കൊണ്ടു പോയതല്ലെന്ന് സാധൂകരിക്കാൻ കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയാണ് സിപിഎം. യുഡിഎഫ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കല രാജു പറഞ്ഞു. കൂത്താട്ടുകുളത്ത് കടത്തിക്കൊണ്ടുപോകൽ നാടകം നടന്ന ദിവസം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് സിപിഎം പ്രചരിപ്പിക്കുന്നത്. കാലു മാറാൻ യുഡിഎഫ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നായിരുന്നു തുടക്കം മുതലുള്ള സിപിഎം ആരോപണം.

STORY HIGHLIGHT: koothattukulam kidnapping case