മാജിക് മഷ്റൂമുമായി ബന്ധപ്പെട്ട് അടുത്തിടെ കോടതി ഒരു പരാമർശം നടത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടി. സിലോബൈസിൻ മഷ്റൂം എന്നറിയപ്പെടുന്ന ഇവ സിലോസൈബിൻ എന്ന ലഹരിയുണ്ടാക്കുന്നവയാണ്. അനേകം കൂൺ വിഭാഗങ്ങളിൽ സിസോസൈബിൻ ഉണ്ടാകാമെങ്കിലും അസ്യൂർസെൻസ്, സെമിലൻസിയാറ്റ, സൈനെസെൻസ് എന്നീ വിഭാഗത്തിലുള്ള കൂണുകളിലാണു ഏറ്റവും തീവ്ര അളവിൽ ഇവ കാണപ്പെടുന്നത്.
കാലങ്ങളായി ലഹരി വസ്തുവായി ഇവ ഉപയോഗിക്കപ്പെടുന്നു. മെക്സിക്കോയിലും മധ്യ അമേരിക്കയിലുമൊക്കെയുള്ള പ്രാചീനവംശജർ ഈ കൂൺ ഉപയോഗിച്ചിരുന്നു. ആഫ്രിക്കൻ രാജ്യം അൾജിറിയയിലെ ടസിലിയിൽ നിന്നു കണ്ടെത്തിയ ഒരു ഗുഹാചിത്രത്തിൽ ഇവയെ കാട്ടുന്നുണ്ട്. സ്പെയിനിൽനിന്നും കൊളംബിയയിൽനിന്നും ഗ്വാട്ടിമാലയിൽനിന്നുമൊക്കെ ഇവയുമായി ബന്ധമുള്ള പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുമുണ്ട്.
1502ൽ ആസ്ടെക് ഭരണാധികാരിയായ മോക്ടെസുമ രണ്ടാമന്റെ കിരീടധാരണത്തിനെത്തിയവർക്ക് ഈ കൂണ്‍ നൽകപ്പെട്ടിരുന്നെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് കൊളോണിയൽ സംഘങ്ങൾ ഈ കൂണുകൾ നശിപ്പിക്കാനും വിലക്കാനും ശ്രമിച്ചിരുന്നു. എങ്കിലും ഉപയോഗം അവിടെ തുടർന്നു. പിൽക്കാലത്ത് യൂറോപ്പിൽ ഇതിന്റെ ഉപയോഗം കൂടി. ഇന്ന് ലോകത്തുള്ള മാജിക് മഷ്റൂമുകളിൽ 53 എണ്ണം മെക്സിക്കോയിലാണ്. യുഎസ്, യൂറോപ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഇവയുണ്ട്. പൊതുവെ ജൈവാംശം കൂടിയ മണ്ണിലാണ് ഇവ വളരുന്നത്. സെമിലൻസിയാറ്റ എന്നയിനത്തിലുള്ള മാജിക് മഷ്റൂമാണ് ലോകത്ത് ഏറ്റവും കൂടുതൽ ഇടങ്ങളിൽ കാണപ്പെടുന്നത്.
STORY HIGHLIGHTS: psilocybin-mushrooms-history-distribution