Anweshanam Special

‘വയലാർ എഴുതുമോ സർ ഇതുപോലെ’; വാഴ്ത്തുപാട്ടു പാടി മുഖ്യമന്ത്രിയെ പരിഹാസം | PC Vishnunath

പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് പുനര്‍നിയമനം കിട്ടി. ഈ പാവങ്ങള്‍ക്കെന്ത് കിട്ടിയെന്നും പി.സി.വിഷ്ണുനാഥ് പരിഹസിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിഗീതത്തെ സഭയില്‍ പരിഹസിച്ച് പി.സി.വിഷ്ണുനാഥ് എം.എല്‍.എ. ആയിരം രൂപ പോലും ശമ്പളമായി കൈയിൽ കിട്ടാത്ത പാവപ്പെട്ട ജീവനക്കാരാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നതെന്നും അവർ വരേണ്യവർഗമാണ് സമ്പന്നവർഗമാണ് എന്ന് ജനങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കി അവരെ തമ്മിൽ തല്ലിക്കരുതെന്നും വിഷ്ണുനാഥ് സഭയിൽ പറഞ്ഞു.

‘ശമ്പളപരിഷ്‌കരണത്തിന്റെ തീയതി കഴിഞ്ഞിട്ടും ശമ്പളം പിടിച്ചുവെയ്ക്കുന്നു എന്നത് മാത്രമല്ല, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന ഉത്തരവാദിത്വം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണെന്ന് ബോധപൂര്‍വം പ്രചരിക്കുകയും ചെയ്യുന്നു. ജോയിന്റ് കൗണ്‍സിലിൻ്റെ നോട്ടീസിൽ പറയുന്നതാണിത്. സിപിഐ എം.എല്‍.എമാര്‍ എന്നോട് വിയോജിക്കില്ലല്ലോ. അവരില്‍ പലരും ജോയിന്റ് കൗണ്‍സിലിന്റെ സമരവുമായി ബന്ധപ്പെട്ട് യോഗങ്ങളില്‍ പോയി പ്രസംഗിച്ചിട്ടുള്ളതല്ലേ. രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തിട്ടുള്ളവരല്ലേ. ജീവനക്കാരെ ഇടതുപക്ഷസര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് ജോയിന്റ് കൗണ്‍സില്‍ തന്നെ നോട്ടീസിറക്കി.’

‘സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലമമായ നെടുമങ്ങാട് കഴിഞ്ഞ ദിവസം സമരത്തിന്റെ പ്രചരണം നടത്തിയ ജോയിന്റ് കൗണ്‍സില്‍ സിപിഐക്കാരെ എന്‍ജിഒ യൂണിയന്‍കാര്‍ ആക്രമിച്ചു. കൊല്ലത്ത് സിവില്‍ സ്‌റ്റേഷനില്‍ എന്‍ജിഒ അസോസിയേഷന്‍കാരെയും എന്‍ജിഒ യൂണിയന്‍ ആക്രമിച്ചു. സര്‍വീസ് വെയിറ്റേജ് യുഡിഎഫ് കാലത്ത് ലഭിച്ചിരുന്നു. എല്‍ഡിഎഫ് വന്നു അതെടുത്ത് കളഞ്ഞു. ഹൗസ് ബില്‍ഡിങ് അലവന്‍സും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സും യുഡിഎഫ് കാലത്തുണ്ടായിരുന്നു, എല്‍ഡിഎഫ് വന്ന് അതുമെടുത്തുകളഞ്ഞു. ഒരു ഓഫീസ് അറ്റന്‍ഡര്‍ക്ക് ഒരു ദിവസത്തെ ശമ്പളമായി ശരാശരി 825 രൂപ ലഭിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്റെ പത്തുശതമാനം പിടിക്കും പ്രൊവിഡന്റ് ഫണ്ട് മാന്‍ഡേറ്ററി ആറു ശതമാനം പിടിക്കും ജിഎഎസ് പിടിക്കും എസ്എല്‍ഐ പിടക്കും മെഡിസെപ് പിടിക്കു എച്ച്ബിഎ എടുത്തുകളഞ്ഞതു കാരണം പുറത്ത് ഹൗസിങ് ലോണുണ്ടെങ്കില്‍ അതും പിടിക്കും കുട്ടികള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതും പിടിക്കും. ഇതെല്ലാം പിടിച്ചു കഴിഞ്ഞാല്‍ ആയിരം രൂപ പോലും വാങ്ങി വീട്ടില്‍ കൊണ്ടുപോവാന്‍ കഴിയാത്ത പാവപ്പെട്ട ജീവനക്കാര്‍ നടത്തുന്ന സമരമാണിത്. അവര്‍ വരേണ്യവര്‍ഗമാണ് സമ്പന്നവര്‍ഗമാണ് എന്നൊക്കെ വിവേചനമുണ്ടാക്കി ജനങ്ങളേയും അവരെയും തമ്മിലടിപ്പിക്കരുത്. മനുഷ്യത്വപരമായ അനുഭാവത്തോട് കൂടി കാണണമത്.’

ആനൂകൂല്യങ്ങളെല്ലാം ഇല്ലാതായ ദുഃഖം കടിച്ചമര്‍ത്തിയാണ് അവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് ചെങ്കൊടിക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍ വര്‍ഗബോധത്താരയില്‍ തൊഴിലാളികള്‍ക്ക് തോഴനായി ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യനായി എന്ന് പാടിയത്. വയലാര്‍ എഴുതുമോ ഇതുപോല. ഈ പാട്ടും പാടി സ്റ്റേജിന് പുറകില്‍ പോയി അവര്‍ കൂട്ടക്കരച്ചിലായിരുന്നു. പാട്ടെഴുതിയ പൂവത്തൂര്‍ ചിത്രസേനന് പുനര്‍നിയമനം കിട്ടി. ഈ പാവങ്ങള്‍ക്കെന്ത് കിട്ടിയെന്നും പി.സി.വിഷ്ണുനാഥ് പരിഹസിച്ചു.

Latest News