മലപ്പുറം: ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം.
പകല്‍ വെളിച്ചം വന്നതിന് ശേഷം ജെസിബി ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. രക്ഷപ്പെടുത്തിക്കഴിഞ്ഞാലും ആനയെ പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകണമെന്നാണ് ആവശ്യം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.