കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം വാദം ഇന്ന് ആരംഭിക്കും. പ്രോസിക്യൂഷൻ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഡിസംബർ 11നാണ് എറണാകുളം സെഷൻസ് കോടതിയിൽ അന്തിമഘട്ട വിചാരണ നടപടികൾ തുടങ്ങിയത്. ഒരു മാസത്തിലേറെ സമയമെടുത്താണ് പ്രോസിക്യൂഷൻ വാദം അവസാനിച്ചത്. ഇനി പ്രതിഭാഗം വാദം പൂർത്തിയായ ശേഷം കേസ് വിധി പറയാൻ മാറ്റും. ഇതിനിടെ കേസ് തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് നടി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തുടർന്ന് 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതിഭാഗം വാദം ഒരു മാസത്തിനകം പൂർത്തിയായാൽ ഫെബ്രുവരി അവസാനത്തോടെ കേസിൽ വിധി ഉണ്ടായേക്കും.