Kerala

കരള്‍ദാനം ചെയ്ത പിതാവ് മരിച്ചു; പിന്നാലെ ചികിത്സയിലായിരുന്ന മകനും മരിച്ചു | son also died during treatment

ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. എന്നാൽ ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം.

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.

റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.

CONTENT HIGHLIGHT: son also died during treatment