World

അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ; പടർന്നത് 5000 ഏക്കറോളം പ്രദേശത്ത് | los angeles california wildfire again

വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്

ലൊസാഞ്ചലസ്: അമേരിക്കയിൽ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലോസ് ആഞ്ജലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറിൽ 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്. അതിവേഗത്തില്‍ വ്യാപിക്കുന്ന കാട്ടുതീയിൽനിന്നു രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളോടു വീടുകള്‍ ഒഴിയാന്‍ നിർദേശിച്ചു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചലസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.

കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളില്‍ ഭീമൻ തീജ്വാലകള്‍ പടരുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 8,000 ഏക്കറിലേറെ (3,200 ഹെക്ടർ) പ്രദേശത്തേക്കാണു തീ വ്യാപിച്ചത്. ശക്തവും വരണ്ടതുമായ സാന്റ അനാ കാറ്റുകള്‍ പ്രദേശത്തു വീശിയടിക്കുന്നതാണു തീ ആളിപ്പടരാൻ കാരണം. വന്‍തോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിലെയും 31,000 പേര്‍ക്ക് വീടൊഴിയാൻ നിര്‍ദേശം നല്‍കി. സാന്റ ക്ലാരിറ്റ നഗരത്തിന് അടുത്താണ് ഈ തടാകം. പ്രദേശവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പുകള്‍ ലഭിച്ചു.

‘‘ഞങ്ങളുടെ വീട് കത്തരുതേയെന്നു പ്രാർഥിക്കുകയാണ്’’– കാര്‍ പാർക്ക് ചെയ്ത്, രക്ഷ തേടി മറ്റൊരിടത്തേക്കു പോകുന്ന നാട്ടുകാരൻ പറ‌ഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. കാട്ടുതീ ബാധിച്ച പ്രദേശത്തുള്ള എല്ലാവരും ഉടനെ ഒഴിയണമെന്ന് ലൊസാഞ്ചലസ് പ്രവിശ്യാ മേധാവി റോബര്‍ട്ട് ജെന്‍സണ്‍ ആവശ്യപ്പെട്ടു. ആളുകളോടു വീടുവിട്ടു പോകാന്‍ പൊലീസ് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക ടിവി ചാനലുകൾ സംപ്രേഷണം ചെയ്തു. ജയിയിലുള്ള 500 തടവുകാരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. നേരത്തേയുണ്ടായ തീപിടിത്തങ്ങളിൽ വലിയ നാശനഷ്ടങ്ങളാണു സംഭവിച്ചത്. ഇരുപതിലേറെപ്പേർ മരിക്കുകയും ആയിരക്കണക്കിനു കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തു.

CONTENT HIGHLIGHT: los angeles california wildfire again