മലപ്പുറം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ കാട്ടാന വീണിട്ട് 10 മണിക്കൂർ. കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ പുലര്‍ച്ചെയോടെയാണ് കാട്ടാന അകപ്പെട്ടത്. വാർഡിലെ വിവിധ ഇടങ്ങളിൽ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സമീപവാസിയുടെ കിണറ്റിൽ ആന വീണത്. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഏകദേശം ഒരു മണിയോടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന അകപ്പെടുന്നത്. പതിവായി കാട്ടാന ശല്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാരുടെ പരാതി. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ അകപ്പെടുന്നത്. കിണറ്റില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമം ആന നടത്തുന്നുണ്ട്.
കിണറ്റിലെ മണ്ണിടിച്ച് ആനക്ക് വഴിയൊരുക്കി കാട്ടിലേക്ക് കടത്തിവിടാനായിരുന്നു വനംവകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇത് സമ്മതിച്ചില്ല. മയക്കുവെടിവെച്ച് ആനയെ ദൂരസ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഡിഎഫ്ഒയുടെ ഉറപ്പ് വേണെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇതോടെ ഡിഎഫ്ഒ സ്ഥലത്ത് എത്തിയ ശേഷം കൃത്യമായ നിലപാട് അറിയിക്കുമെന്നാണ് വിവരം.
CONTENT HIGHLIGHT: wild elephant fell into well