പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ളാദപ്രകടനം നടത്താനായില്ല. രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ.പൊലീസ് എത്തി അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടും എടുത്തു കൊണ്ടുപോയി.
ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറും ഓള്‍ കേരള മെൻസ് അസോസിയേഷനും. ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വർ.
‘ഷാരോണിന്റെ കൈയിൽ ഗ്രീഷ്‌മയുടെ മോശം വീഡിയോ ഉണ്ടായിരുന്നു, ഗ്രീഷ്‌മയുടെ കല്യാണം മുടക്കാൻ ഷാരോൺ ശ്രമിച്ചു, അതുകൊണ്ട് റാങ്ക് ഒക്കെ കിട്ടിയിട്ടുള്ള കുട്ടി ഗത്യന്തരമില്ലാതെ അയാളെ കൊന്നു എന്നൊക്കെയാണ് ന്യായീകരിക്കുന്നത്. ഇത് നേരെ തിരിച്ച് ഷാരോൺ ആണ് പ്രതിയും അദ്ദേഹത്തെ പുരുഷന്മാർ ന്യായീകരിക്കുകയും ചെയ്‌തെങ്കിൽ എന്തായേനെ’ രാഹുൽ ഈശ്വർ ചോദിച്ചു.
അന്തസായി കഷായം കൊടുത്തു എന്നൊക്കെയാണ് പറയുന്നത്. യഥാർത്ഥത്തിൽ ഇതാണ് ഈ നാടിന്റെ അവസ്ഥ. അവിടെയാണ് പുരുഷ കമ്മീഷന്റെ ആവശ്യം. വനിതകളോടും കൂടി അതിനായി അഭ്യർത്ഥിക്കുകയാണ്. പുരുഷന് ഇവിടെ നിയമപരമായി യാതൊരു സംരക്ഷണവുമില്ല. സാക്ഷാൽ നിവിൻ പോളി കൊടുത്ത പരാതി പോലും പോലീസ് പരിഗണിക്കുന്നില്ല, പിന്നെയാണോ നമ്മൾ സാധാരണക്കാർ,പുരുഷ വിരോധമാണ് പുരോഗമനമെന്ന ചിന്തക്കെതിരെയാണ് പോരാട്ടം’ രാഹുൽ പറഞ്ഞു.
ഉമ്മൻ ചാണ്ടി സാറിനെ വേട്ടയാടിയ സരിതയ്ക്ക് എതിരെ കേസെടുത്തിട്ടില്ല. ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥയെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. ഷാരോൺ വധക്കേസിൽ ഗ്രീഷ്‌മയ്ക്ക് വധശിക്ഷ വിധിച്ച ജസ്‌റ്റിസ് ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിനെയും രാഹുൽ വിമർശിച്ചു.
ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആർ എടുക്കാനുള്ള എങ്കിലും കാണിക്കണമെന്നും രാഹുല്‍ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
content highlight : rahul-eswar-opinion-related-greeshma-in-sharon-murder-case