India

‘എങ്ങനെയാണ് വളരെ പെട്ടെന്ന് ആശുപത്രി വിടാൻ കഴിയുക ? കുത്തേറ്റതോ അതോ അഭിനയമോ’? സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വിവാദ പരാമർശവുമായി മന്ത്രി നിതേഷ് റാണെ | minister nitesh rane stirs controversy on attack on saif ali khan

ആക്രമിക്കപ്പെട്ട് ആറു ദിവസത്തിന് ശേഷമാണ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടത്

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മഹാരാഷ്ട്ര ബിജെപി മന്ത്രി നിതേഷ് നാരായൺ റാണെ. ജനുവരി 16 ന് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നടന്നത് അക്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമർശം.

‘നടന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്നത് ശരിക്കും കത്തിയാണോ അതോ അഭിനയമായിരുന്നോ ? ഇത്ര വലിയ കുത്തേറ്റയാള്‍ക്ക് എങ്ങനെയാണ് വളരെ പെട്ടെന്ന് ആശുപത്രി വിടാൻ കഴിയുകയെന്ന് നിതേഷ് റാണെ ചോദിക്കുന്നു. ബംഗ്ലാദേശികളക്കൊപ്പം ചേര്‍ന്ന് സെയ്ഫ് നടത്തിയ നാടകമാകാമെന്നാണ് സംശയിക്കുന്നത്. സെയ്ഫ് അലി ഖാനെ ബംഗ്ലദേശ് അതിക്രമി കൊണ്ടുപോയെങ്കിൽ നന്നായേനെ. എങ്കിലത് മാലിന്യം നീക്കുന്ന പ്രവൃത്തിയെങ്കിലുമാകുമായിരുന്നു. ഹിന്ദു സമുദായത്തിലെ ഒരു നടന് എന്തെങ്കിലും സംഭവിച്ചാൽ പ്രതിപക്ഷം മൗനം പാലിക്കും. എന്നാൽ സെയ്ഫ് അലി ഖാനെയും, ഷാരൂഖ് ഖാനെയും കുറിച്ച് സുപ്രിയ സുലേയെ പോലുള്ളവർ ആശങ്കപ്പെടുകയാണെന്നും നിതേഷ് റാണെ പരിഹസിച്ചു.

ആക്രമിക്കപ്പെട്ട് ആറു ദിവസത്തിന് ശേഷമാണ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടത്. അക്രമിയുടെ കുത്തേറ്റ 16ന് പുലര്‍ച്ചെയാണ് താരം ഓട്ടോറിഷയില്‍ മുംബൈ നാനാവതി ആശുപത്രിയിലെത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന നടൻ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങേണ്ടതിനാല്‍ രണ്ടാഴ്ച്ചകൂടി ബെഡ് റെസ്റ്റിൽ തുടരാനാണ് ആശുപത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഭാര്യ കരീന കപൂറും മകള്‍ സാറാ അലി ഖാനും ചേർന്നാണ് ആശുപത്രിയിൽ നിന്നും നടനെ കൊണ്ടുപോയത്. നടനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് പിടികൂടിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.

അമ്മയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാണു മോഷ്ടിക്കാൻ ഇറങ്ങിയതെന്നും ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നെന്നും പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദ് മൊഴി നൽകി. പണവുമായി ബംഗ്ലദേശിലേക്കു രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി.

പ്രതിയിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽനിന്നു ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി. അതിനിടെ, മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ (ഷിൻഡെ) നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു. നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കഴിഞ്ഞാൽ എഴുന്നേറ്റു നടക്കാനാകുമോയെന്നും ചോദിച്ചു.

ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് കാറിൽ വന്നിറങ്ങിയ താരത്തെ കാണാൻ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ ഏതാനും ദിവസം അവിടെ തങ്ങും. തുടർന്ന് സമീപത്തെ ഫോർച്യൂൺ ഹൈറ്റ്സ് എന്ന സമുച്ചയത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.

13 നിലകളുള്ള സദ്ഗുരു ശരൺ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിലാണ് നടനും കുടുംബവും താമസിക്കുന്നത്. മോഷണത്തിനായി എത്തിയ പ്രതി പുലർച്ചെ രണ്ടരയ്ക്കാണ് സെയ്ഫിനെ ആക്രമിച്ചത്. ആറു കുത്തേറ്റ നടനെ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ദേഹത്തുനിന്നു നീക്കിയിരുന്നു. കഴുത്തിലും കയ്യിലുമാണ് ആഴത്തിലുള്ള മറ്റു മുറിവുകൾ.

CONTENT HIGHLIGHT: minister nitesh rane stirs controversy on attack on saif ali khan