വംശീയ താല്‍പ്പര്യങ്ങളോടെ ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന കേരളാ കോണ്‍ഗ്രസ് നിലപാട് വഞ്ചനാപരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. വളരെ ബോധം പൂര്‍വം പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ച ശേഷം മലക്കംമറിയുകയാണ് ഫ്രാന്‍സിസ് ജോര്‍ജ്. ബിജെപിയുടെ ഫാഷിസ്റ്റ് വാഴ്ചയ്‌ക്കെതിരേ ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയായി കടന്നുവന്ന ഇന്ത്യാ മുന്നണിയുടെ ഘടകകക്ഷി എംപിയായ ഫ്രാന്‍സിസ് ജോര്‍ജ് നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതീഷേധാര്‍ഹമാണ്.
മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന എംപിയുടെ പ്രസ്താവനയില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണം. മതനിരപേക്ഷ വോട്ടുകള്‍ കൊണ്ടാണ് എംപിയായതെന്ന കാര്യം ഫ്രാന്‍സിസ് ജോര്‍ജ് മറക്കരുത്. മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എംപി ആര്‍എസ്എസ് താല്‍പ്പര്യത്തോട് ഒപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നത് നീതീകരിക്കാനാവില്ല. ഇത് കേരത്തിലെ പൊതുസമൂഹത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്.
വഖഫ് ഭേദഗതി ബില്ലിനെ മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെടുത്തിയതിലൂടെ രണ്ടു വിഷയങ്ങളും എംപി പഠിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നു. വഖഫ് ഭേദഗതി ബില്ലില്‍ ആര്‍എസ്എസ്സിന് പ്രത്യേക അജണ്ടയുണ്ട്. മുനമ്പം വിഷയത്തെ വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെടുത്താനുള്ള നീക്കം അപലപനീയമാണ്. എംപിയുടെ അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവന സംബന്ധിച്ച് പി ജെ ജോസഫ് മറുപടി പറയണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Waqf Amendment Bill: Kerala Congress position is deceptive: UDF should clarify its position; PR Ziyad