ഡൽഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനകളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി. ആനയെഴുന്നള്ളിപ്പിനിടെ വീണ്ടും അപകടങ്ങൾ സംഭവിക്കുന്നതിനാൽ സ്റ്റേ നീക്കണമെന്ന് കാട്ടിയാണ് അപേക്ഷ എത്തിയത്. ഈക്കാര്യത്തിൽ അടിയന്തരവാദം കേൾക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ കേസിൽ അടിയന്തര വാദം സാധ്യമല്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
കേസിൽ കോടതി ലിസ്റ്റ് ചെയ്യുന്ന മുറയ്ക്ക് പരിഗണിക്കാനാകുവെന്നും മറ്റ് വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ ശിവരാത്രി ഉത്സവങ്ങൾ വരാനിരിക്കെ ഉത്സവങ്ങൾ തടയാനുള്ള നീക്കമെന്നാണിതെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി അഭിഭാഷകൻ എം ആർ അഭിലാഷ് വാദിച്ചത്.
ദേവസ്വങ്ങളുടെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്നാണ് മൃഗ സ്നേഹികളുടെ സംഘടന നേതാവ് വെങ്കിടാചലത്തിന്‍റെ അഭിഭാഷക ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തിൽ ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
CONTENT HIGHLIGHT: elephant use in festivals supreme court