കോട്ടയ്ക്കൽ: കഴിഞ്ഞയാഴ്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാവതികളം കരുവക്കോട്ടിൽ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്. ഗവ.രാജാസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ മുഹമ്മദ് റിഷാദ്, ഹംസ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
പുത്തൂർ ബൈപാസിൽ കഴിഞ്ഞയാഴ്ച ആയിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ പുത്തൂർ ബൈപാസിൽ 5 വർഷത്തിനകം വിവിധ അപകടങ്ങളിലായി 7 പേരാണു മരിച്ചത്. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. കാവതികളം ബൈപാസ് ജംക്‌ഷനിലായിരുന്നു നേരത്തേ പതിവായി അപകടങ്ങൾ നടന്നിരുന്നത്. സമീപത്തെ മരങ്ങളും മറ്റും വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നുവെന്നായിരുന്നു പരാതി. തുടർന്ന് അധികൃതർ സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജംക്‌ഷനിൽ 2 ഭാഗങ്ങളിലായി വേഗത്തടയും ഒരുക്കി.
പുത്തൂരിനും കാവതികളത്തിനും ഇടയിലാണ് ഇപ്പോൾ അപകടങ്ങൾ പതിവായത്. സമീപത്തെ പുത്തൂർ ജംക്‌ഷനും അപകടമേഖലയാണ്. ഈ ഭാഗങ്ങളിൽ വേഗത്തടയോ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ പലപ്പോഴും കത്തുന്നില്ല. ഇരുവശങ്ങളിലും വാഹനങ്ങൾ റോഡിലേക്കു കയറി പാർക്ക് ചെയ്യുന്നതും പ്രശ്നമാണ്. മോട്ടർ വാഹന വകുപ്പോ പൊലീസോ കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും പരാതിയുണ്ട്.
CONTENT HIGHLIGHT: puthoor bypass 17 year old student