വാഷിങ്ടൺ: യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ചടങ്ങിൽ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവും പങ്കെടുത്തെന്നു റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഖലിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പന്നൂന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അതേസമയം, ഈ വീഡിയോയുടെ ആധികാരികതയെ പറ്റി ഔദ്യോഗിക വിശദീകരണമില്ല.
ട്രംപും മെലാനിയയും വേദിയിൽ നിൽക്കെ ആളുകൾ യു.എസ്.എ, യു.എസ്.എ എന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പന്നൂൻ ഖലിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നത്. വി.ഐ.പി.കൾ പങ്കെടുത്ത ചടങ്ങിൽ ഖലിസ്താൻ നേതാവ് പങ്കെടുത്തതിനെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചില ബന്ധങ്ങൾ വഴി പന്നൂൻ ടിക്കറ്റ് സംഘടിപ്പിച്ചതാകാമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2019 മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ് പന്നൂൻ. 2020 ജൂലായിൽ ഇന്ത്യ പന്നൂനെ ഭീകരവാദിയായി പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമങ്ങൾ വഴി രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയെ വെല്ലുവിളിക്കാൻ പഞ്ചാബിലെ യുവാക്കളെ പന്നൂൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
CONTENT HIGHLIGHT: trump inauguration khalistani terrorist