തീർത്ഥാടകരുടെ സൗകര്യത്തിനായി ഗതാഗത മേഖല വികസിപ്പിച്ച് സൗദി അറേബ്യ. പ്രധാനമായും വികസന പ്രവർത്തനങ്ങൾ നടക്കുന്നത് മക്ക മേഖലയിലാണ്. മക്ക മേഖലയിൽ തീർത്ഥാടകർക്കായി പുതിയ റോഡ് ശൃംഖലതന്നെ സൗദി അറേബ്യ നിർമിച്ചിട്ടുണ്ട്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി അറഫയിൽ കാൽനട ക്രോസിംഗ് നിർമ്മിക്കുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതും തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതുള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് പദ്ധതി തയ്യാറാക്കി വരുന്നത്. തീർത്ഥാടക സേവനം ലക്ഷ്യമിട്ടാണ് രാജ്യത്തിന്റെ ചില ഭാഗങ്ങളെ മക്ക പുണ്യഭൂമിയുമായി ബന്ധിപ്പിക്കുന്നതിന് റോഡുകൾ പണിതിട്ടുള്ളത്. 283 കിലോമീറ്റർ നീളത്തിൽ പുതിയ റോഡുകൾ സൗദി അറേബ്യ നിർമ്മിച്ചിട്ടുണ്ട്. ഈ പദ്ധതികളിൽ സൗദി തലസ്ഥാന നഗരിയായ റിയാദിനെ മക്ക മേഖലയുടെ ഭാഗമായ പടിഞ്ഞാറൻ സൗദിയിലെ തായിഫ് നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു എക്സ്പ്രസ്-വേയും ഉൾപ്പെടുന്നു. ഗതാഗത മന്ത്രാലയത്തിന്റെ മക്ക ബ്രാഞ്ച് മേധാവി ഖാലിദ് അൽ ഒതൈബിയാണ് ഇത് സംബദ്ധിച്ച കാര്യങ്ങൾ വിവരിച്ചത്.
മക്കയിൽ നിന്ന് 22 കിലോമീറ്റർ അകലെ അറഫയിലെ കിഴക്കൻ റിംഗ് റോഡിനടിയിൽ കാൽനട – വാഹന ഗതാഗതം വേർതിരിക്കുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 300 മീറ്റർ കാൽനട ക്രോസിംഗ് നിർമ്മിച്ചിട്ടുണ്ട്. റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഹജ്ജ് ഉംറ തീർത്ഥാടനത്തിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്തിനുള്ള പദ്ധതിയുടെ ഭാഗമാണ് റോഡുകളുടെ നിർമാണം.
വിദേശത്തു നിന്നുള്ള 16 ലക്ഷം പേർ ഉൾപ്പെടെ ഏകദേശം 18 ലക്ഷം തീർത്ഥാടകർ കഴിഞ്ഞ വർഷം ഹജ്ജ് കർമ്മം നിർവഹിക്കുകയുണ്ടായി. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനുള്ള ഒരുക്കങ്ങളും പുരോഗമിച്ചു വരികയാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും തീർത്ഥാടകർക്കായി നൽകുന്ന സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതുൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് പദ്ധതികൾ തയ്യാറാക്കി വരുന്നത്.