2025ലെ ആദ്യ മമ്മൂട്ടി ചിത്രമായി ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാനസംരംഭമാണിത്.
തന്റേതായ ചില കാരണങ്ങളാൽ പൊലീസ് ജോലി ഉപേക്ഷിക്കേണ്ടി വന്ന സിഐ ഡൊമിനിക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി നടത്തുകയാണ് ഇപ്പോൾ. വമ്പൻ ട്വിസ്റ്റുള്ള കൊലപാതക കേസുകളും മറ്റും അന്വേഷിക്കാൻ ഡൊമിനിക്കിന് താൽപ്പര്യമുണ്ടെങ്കിലും കിട്ടുന്നതൊക്കെ അല്ലറചില്ലറ കേസുകൾ മാത്രം. ഫ്ളാറ്റ് ഉടമ മാധുരിയുടെ കനിവിലാണ് ഡൊമിനിക് അതിജീവിച്ചുപോവുന്നത് എന്നു പറയാം. മുടങ്ങിയ മാസവാടകയും, മാധുരിയിൽ നിന്നു പലപ്പോഴായി കൈപ്പറ്റിയ അല്ലറ ചില്ലറ സഹായങ്ങളും കാരണം മാധുരിയുടെ കടക്കാരനാണ് കക്ഷിയെന്നും പറയാം.
ഒരു അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്ന ഡൊമിനികിന്റെ പരസ്യം കണ്ട് ജോലി അന്വേഷിച്ചെത്തുകയാണ് വിഘ്നേഷ് എന്ന വിക്കി. വിക്കിയെ കണ്ടമാത്രയിൽ തന്നെ ഡൊമിനിക് അയാളെ ജോലിയ്ക്ക് എടുക്കുകയാണ്. അതിനു അയാൾക്ക് അയാളുടേതായ കാരണങ്ങളുമുണ്ട്.
ആയിടയ്ക്ക്, കളഞ്ഞുകിട്ടിയൊരു ലേഡീസ് പേഴ്സിന്റെ ഉടമയെ അന്വേഷിച്ചു കണ്ടുപിടിച്ച് പേഴ്സ് തിരിച്ചേൽപ്പിക്കുന്ന ദൗത്യം മാധുരി ഡൊമിനിക്കിനെ ഏൽപ്പിക്കുന്നു. പേഴ്സുമായി ഉടമയെ അന്വേഷിച്ചിറങ്ങിയ ഡൊമിനിക് മറ്റൊരു കേസിലാണ് എത്തിച്ചേരുന്നത്. ദുരൂഹതകൾ ഏറെയുള്ള ആ കേസിനു പിന്നാലെയുള്ള ഡൊമിനിക്കിന്റെ യാത്രയാണ് അവിടുന്നങ്ങോട്ട്.
നെല്ലും പതിരും മിക്സ് ചെയ്ത് സർവീസ് സ്റ്റോറികൾ പറയുന്ന, അൽപ്പം തള്ളിന്റെ അസുഖമുള്ള ഒരു മുൻ പൊലീസുകാരനാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ഡൊമിനിക്. ഇടയ്ക്ക് ഒക്കെ ചിരിപ്പിച്ചും നിരീക്ഷണ പാടവം കൊണ്ട് അത്ഭുതപ്പെടുത്തിയുമെല്ലാം ഡൊമിനിക് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. അൽപ്പം നിഷ്കുവായ ഒരു ചെറുപ്പക്കാരനാണ് ഗോകുലിന്റെ വിക്കി. ചിത്രത്തിലുടനീളമെന്ന രീതിയിൽ ഗോകുലിന്റെ സാന്നിധ്യമുണ്ടെങ്കിലും ആ കഥാപാത്രത്തിനു വലിയ പെർഫോമൻസ് കാഴ്ച വയ്ക്കാനുള്ള സ്പേസ് ഒന്നും തിരക്കഥ നൽകുന്നില്ല.
സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. തന്റെ കഥാപാത്രത്തിന്റെ ആത്മാവ് ഉൾകൊണ്ട് അഭിനയിക്കാൻ സുഷ്മിത ബട്ടിനു സാധിക്കുന്നില്ല. ചിത്രത്തിലെ വീക്ക് പെർഫോമൻസുകളിൽ ഒന്ന് സുഷ്മിതയുടേതാണ്. സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ലെന, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരൊക്കെ അതിഥിവേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും ഇവർക്കൊന്നും ചിത്രത്തിൽ അധികമൊന്നും ചെയ്യാനില്ല.
തെറ്റില്ലാത്തൊരു കഥയാണ് ചിത്രത്തിന്റേത്. പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് പ്രവചിക്കാനാവുന്ന രീതിയിലല്ല കഥയുടെ മുന്നേറ്റം. എന്നാൽ ട്രീറ്റ്‌മെന്റിലെ അയഞ്ഞ സമീപനവും തിരക്കഥയിലെ ഫോക്കസില്ലായ്മയും ആർട്ടിഫിഷ്യലായി തോന്നിപ്പിക്കുന്ന ചില അഭിനയമുഹൂർത്തങ്ങളും ആസ്വാദനത്തിനു മങ്ങലേൽപ്പിക്കുന്നുണ്ട്. ഒട്ടും സ്വാഭാവികമല്ലാത്ത രീതിയിൽ മുഴച്ചുനിൽക്കുന്ന സംഭാഷണങ്ങൾ ചിത്രത്തിൽ പലയിടത്തും കല്ലുകടിയാവുന്നു. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
‘വാപ്പച്ചിയുടെ ലെഗസി’ പോലുള്ള ചില സിനിമാ റഫറൻസുകൾ തിയേറ്ററിൽ ചിരി പടർത്തുന്നുണ്ട്. പതിവു ത്രില്ലർ ചിത്രങ്ങളുടെ പാതയല്ല ചിത്രം പിൻതുടരുന്നത്. സ്ലോ-പേസിലാണ് കഥ മുന്നേറുന്നത്. ഒരു ത്രില്ലർ ചിത്രത്തിന്റേതായ ആകാംക്ഷയും ഉദ്വേഗവും ഇവിടെ മിസ്സിംഗാണ്. ചിത്രം എൻഗേജിംഗ് അല്ലാതെ പോവാൻ കാരണവും ഇത്തരം എലമെന്റുകളുടെ അഭാവമാണ്. രണ്ടാം പകുതിയിൽ മാത്രമാണ് ചിത്രം അൽപ്പമെങ്കിലും എൻഗേജിംഗ് ആവുന്നത്.
ചുരുക്കത്തിൽ, പ്രേക്ഷകർക്ക് ഇന്നും ആഘോഷിക്കുന്ന ആ ‘ജിവിഎം’ ടച്ച് ഡൊമിനിക്കിൽ കൊണ്ടുവരാൻ ഗൗതം വാസുദേവ് മേനോനു സാധിച്ചിട്ടില്ല. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ്. ദര്‍ബുക ശിവയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. വിഷ്ണു ആര്‍ ദേവാണ് ഛായാഗ്രഹണം.
‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ കണ്ടിറങ്ങുമ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ ചില പോരായ്മകൾ പ്രേക്ഷകർക്കു അനുഭവപ്പെടും. ആ മിസ്സിംഗ് ഫാക്ടേഴ്സ് തന്നെയാണ് ചിത്രത്തെ ആവറേജ് കാഴ്ച മാത്രമാക്കി പരിമിതപ്പെടുത്തുന്നത്.
content highlight : dominic-and-the-ladies-purse-review-mammootty-gautham-vasudev-menon